1

വിഴിഞ്ഞം: വിഴിഞ്ഞം തീരക്കടലിനോടു ചേർന്ന് വാട്ടർ സ്പൗട്ട് രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വാട്ടർസ്പൗട്ട് പ്രതിഭാസമുണ്ടായത്. അരമണിക്കൂറോളം രൂപപ്പെട്ട വാട്ടർസ്പൗട്ട് വലിയ കടപ്പുറത്തിന് സമീപംവച്ച് ശക്തി കുറഞ്ഞ് നിലച്ചു.വെള്ളത്തിന് മുകളിലുള്ള ചുഴലിക്കാറ്റുകൾക്ക് സമാനമായ വാട്ടർ സ്‌പൗട്ടുകളാണിത്. അപകടകരമല്ലാത്ത ഫെയർ വെതർ വാട്ടർ സ്‌പൗട്ടാണെന്ന നിഗമനത്തിലാണ് അധികൃതർ. കടൽ ചൂടായ അവസ്ഥയിൽ ഇതിന് മുകളിലൂടെ തണുത്ത കാറ്റ് കടന്നുപോകുമ്പോഴാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നത്.ശാന്തമായ കാലാവസ്ഥയിൽ പലപ്പോഴും അതിരാവിലെയും മദ്ധ്യാഹ്ന സമയത്തും ചിലപ്പോൾ വൈകിട്ടും ഇത്തരം പ്രതിഭാസമുണ്ടാകും. മുൻപ് നിരവധി തവണ കോവളത്തും പരിസരത്തും ഇത്തരം വാട്ടർസ്പൗട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.

തണുത്തകാറ്റ് ജലത്തിന്റെ ഉപരിതലത്തിൽ വികസിക്കാൻ തുടങ്ങുകയും മുകളിലേക്ക് ഫണൽ രൂപത്തിൽ ദൃശ്യമാകുകയും ചെയ്യുന്നു. നേരിയ കാറ്റിൽ ഇവ ചലിക്കും. ഇത് കരയിലേക്ക് നീങ്ങുകയാണെങ്കിൽ ചുഴലിക്കാറ്റിന് സമാനമാകും.