
ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയും പ്രതിസന്ധിയിൽ
നേമം: കോടികളുടെ തട്ടിപ്പ് നടന്ന നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരിൽ പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. മക്കളുടെ വിവാഹം,പഠനം,ചികിത്സ തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കായി കരുതിവച്ചിരുന്ന പണം ഇനി എന്ന് കിട്ടുമെന്നറിയാത്ത ആധിയിൽ നിരവധി പേരാണ് നിലവിളികളുമായി ബാങ്കിലേക്ക് എത്തുന്നത്. പലപ്പോഴും ജീവനക്കാരുമായി പൊട്ടിത്തെറിക്കാറുമുണ്ട്. ദുരവസ്ഥയെക്കുറിച്ച് ഓർത്ത് സ്വയം പഴിച്ചിരിക്കുന്ന പ്രായമായവരുമുണ്ട്.
ഓട്ടിസം ബാധിച്ച 13കാരിയായ മകളെ ചികിത്സിക്കാനും പ്ലസ് വൺ വിദ്യാർത്ഥിയായ മകനെ പഠിപ്പിക്കാനുമാണ് എൽ.പി സ്കൂൾ അദ്ധ്യാപികയായ വെള്ളായണി സ്വദേശി റംല തന്റെ 22 ലക്ഷത്തിന്റെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിച്ചത്.മകളുടെ ചികിത്സയ്ക്കായി പ്രതിമാസം 33,000രൂപ വേണം.ഇപ്പോൾ ചികിത്സ മുടങ്ങി.രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നതിനാൽ ഉടൻ ഓപ്പറേഷന് വിധേയനാകേണ്ട നേമം സ്റ്റുഡിയോ റോഡിൽ രവീന്ദ്രൻ നായർ താൻ നിക്ഷേപിച്ച 18 ലക്ഷത്തിൽ രണ്ട് ലക്ഷമെങ്കിലും കിട്ടാൻ ബാങ്ക് അധികൃതരുടെ കാലുപിടിക്കുകയാണ്.
കൈമനം സ്വദേശിയായ സുരേഷ് 82 ലക്ഷം നിക്ഷേപിച്ചത് രണ്ട് പെൺമക്കളുടെ വിവാഹാവശ്യത്തിനാണ്. പണം കിട്ടാനായി സുരേഷ് ഇപ്പോൾ നിക്ഷേപക കൂട്ടായ്മയുടെ കൺവീനറായി സമരം ചെയ്യുന്നു. നിക്ഷേപിച്ച 13ലക്ഷം കിട്ടാതായതോടെ വെള്ളായണി സ്വദേശി സജിലയുടെ മകളുടെ കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. നിക്ഷേപിച്ച അഞ്ച് ലക്ഷം കിട്ടാൻ വേണ്ടി നെട്ടോട്ടമോടുന്ന ശാന്തിവിളയിൽ സുമേഷിന്റെ കല്യാണം ഡിസംബർ 22നാണ്. പണം കിട്ടിയില്ലെങ്കിൽ കെട്ടുതാലി പോലും വാങ്ങാനാകാത്ത സ്ഥിതിയാണ്. 2.5 ലക്ഷം കിട്ടാനുള്ള നേമം സ്വദേശി ശുഭയുടെ മകളുടെ വിവാഹം ഡിസംബർ 15നാണ്.പൂഴിക്കുന്ന് സ്വദേശി രവീന്ദ്രൻ നായർ,നേമം ശശി,ശാന്തിവിള സ്വദേശി സുബൈർ,നേമം പൊലീസ് സ്റ്റേഷനെതിർവശത്തെ ശാന്തമ്മ,എം.ബി.എ വിദ്യാർത്ഥിയായ ആസിഫ് എന്നിങ്ങനെ നീളുകയാണ് ദുരിതബാധിതരുടെ നിര.
നെഞ്ചുപൊട്ടി ലളിതകുമാരി
മകളെ ഭർത്താവ് കുത്തിക്കൊന്ന വേദനയിൽ നിരാലംബരായ രണ്ട് കുട്ടികളെ നോക്കുന്ന ലളിതകുമാരിക്ക് ആകെയുള്ള ആശ്രയം തന്റെ രണ്ട് ലക്ഷം രൂപ നിക്ഷേപത്തിൽ നിന്നുള്ള പലിശയായിരുന്നു. പലിശ കിട്ടതായതോടെ കടം വാങ്ങി കുട്ടികളെ നോക്കി. ഇപ്പോൾ ഒരു ലക്ഷം രൂപയുടെ കടക്കാരിയാണ്. കടക്കാർ കിടന്നുറങ്ങാൻ സമ്മതിക്കുന്നില്ലെന്ന് ലളിതകുമാരി പറയുന്നു.
ദിവസം കഴിയുംതോറും അമ്മാമാരുടെ നിലവിളി കൂടുകയാണ്. അത്യാഹിതമൊന്നും ഉണ്ടാകരുതേയെന്നാണ് പ്രാർത്ഥന.
- എസ്.മുജീബ് റഹ്മാൻ
രക്ഷാധികാരി,നിക്ഷേപകക്കൂട്ടായ്മ.