തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളിൽ തിളങ്ങിയ വ്യക്തിത്വമാണ് തെന്നല ബാലകൃഷ്ണ പിള്ളയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. അഖില ഭാരത അയ്യപ്പ സേവാസംഘം സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ളയുടെ നവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പവർപൊളിറ്റിക്‌സിലും ജനങ്ങളുടെ രാഷ്ട്രീയത്തിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഉദാത്തമായ ജനസേവനം നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. പൊതുപ്രവർത്തനത്തിലേക്ക് വരുന്ന ആളുകൾക്ക് മികച്ച മാതൃകയാക്കാൻ പറ്റുന്ന ആളാണ് തെന്നലയെന്നും അദ്ദേഹം അറിയിച്ചു. വലിയ സേവന പാരമ്പര്യമുള്ള സംഘടനയാണ് അയ്യപ്പ സേവാസംഘമെന്നും ശബരിമലയിൽ നിന്നു സംഘത്തെ ഒഴിവാക്കി നിറുത്തുന്നത് ശരിയായ നടപടിയല്ലെന്നും സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് തെന്നല ബാലകൃഷ്ണപിള്ള അറിയിച്ചു. അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.എസ്. ഹരീന്ദ്രനാഥ്, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എൻ.സംഗീത് കുമാർ, പ്രൊഫ. ജി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അയ്യപ്പ സേവാസംഘത്തിന്റെ മുൻ അദ്ധ്യക്ഷനായിരുന്ന തെന്നല ബാലകൃഷ്ണപിള്ള നിലവിൽ സംഘത്തിന്റെ രക്ഷാധികാരി കൂടിയാണ്.