തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസുമായി സഹകരിച്ച് പി.പദ്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 2023ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾ 26ന് വൈകിട്ട് 5ന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടൻ ജയറാം വിതരണം ചെയ്യും.പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അദ്ധ്യക്ഷനാകും. ആട്ടത്തിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരങ്ങൾ നേടിയ ആനന്ദ് ഏകർഷി അവാർഡ് ഏറ്റുവാങ്ങും. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യ പുരസ്‌കാരം ആനോയുടെ രചയ്താവ് ജി.ആർ.ഇന്ദുഗോപൻ സ്വീകരിക്കും. മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് അഭിജ്ഞാനത്തിന്റെ രചയ്താവ് ഉണ്ണി.ആർ ഏറ്റുവാങ്ങും. മികച്ച നവാഗത സാഹിത്യകാരനുള്ള എയർഇന്ത്യാ എക്സ്പ്രസ് പദ്മരാജൻ പുരസ്‌കാരം മാർഗറീറ്റയുടെ രചയ്താവ് എം.പി ലിപിൻ രാജിനു സമ്മാനിക്കും.പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ലയുടെ തിരക്കഥാപതിപ്പ് ചടങ്ങിൽ പ്രകാശിപ്പിക്കും. എഴുത്തിന്റെ അറുപതു വർഷമാഘോഷിക്കുന്ന നിരൂപകൻ വിജയകൃഷ്ണനെയും,ടെലിവിഷനിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബഹുമതി നേടിയ ബൈജു ചന്ദ്രനെയും ചടങ്ങിൽ ആദരിക്കും.ജയറാമിനെ ചടങ്ങിൽ രാധാലക്ഷ്മി പദ്മരാജൻ ആദരിക്കും.ആട്ടത്തിലെ നായിക സറിൻ ഷിഹാബ്, ആട്ടത്തിലൂടെ മികച്ച ചിത്രസന്നിവേശകനുള്ള ദേശീയ ബഹുമതി നേടിയ മഹേഷ് ഭുവനേന്ദ് എന്നിവർ പങ്കെടുക്കും.