123

വിതുര: മലയോര മേഖലയിൽ തുലാവർഷം തിമിർത്ത് പെയ്യുന്നു. പൊൻമുടി,ബോണക്കാട്,കല്ലാർ,പേപ്പാറ വനമേഖലകളിലാണ് മഴ കൂടുതൽ. പൊൻമുടി വനമേഖലയിലെ മലവെള്ളപ്പാച്ചിലിൽ ഇന്നലെ മരങ്ങളും പാറകളും ഒഴുകിയെത്തി വാമനപുരം നദിയിലെ ജലനിരപ്പുയർന്നു. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മരം പൊന്നാംചുണ്ട് പാലത്തിൽ കുടുങ്ങിയതോടെ ഫയർഫോഴ്സെത്തിയാണ് മുറിച്ചുമാറ്റിയത്. കല്ലാർ നിറഞ്ഞൊഴുകി വാമനപുരം നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങളിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി. ആദിവാസിമേഖലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു.

ബോണക്കാട് റോഡ് തുറന്നില്ല

കനത്തമഴയെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ബോണക്കാട് വിതുര റൂട്ടിൽ മൂന്നാംനമ്പർ ഗണപതിപാറക്കു സമീപം റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായതോടെ ബോണക്കാട് വിതുര റോഡ് അടച്ചിരുന്നു. റോഡിലെ മണ്ണ് നീക്കം ചെയ്തുവരികയാണ്.റോഡരികിലെ തിട്ടകൂടി ഇടിച്ചുമാറ്റിയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അറിയിച്ചു.

വെള്ളക്കെട്ട് രൂക്ഷം

വിതുര-തൊളിക്കോട് നെടുമങ്ങാട് റോഡിൽ മന്നൂർക്കാണം, തൊളിക്കോട്,ഇരുത്തലമൂല, പേരയത്തുപാറ, ചേന്നൻപാറ,വിതുരകലുങ്ക്,വിതുര ഹൈസ്കൂൾ ജംഗ്ഷൻ,ശിവൻകോവിൽ ജംഗ്ഷൻ,ബസ് സ്റ്റേഷൻ ജംഗ്ഷൻ, ആനപ്പാറ,ചിറ്റാർ എന്നീ സ്ഥലങ്ങളിൽ മഴയത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മന്നൂർക്കോണത്തിനു സമീപം റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് മറിഞ്ഞ് നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

പൊന്മുടി അടച്ചു, ഡാം തുറന്നു
ശക്തമായ മഴയുള്ളതിനാൽ പൊന്മുടി,കല്ലാർ,മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. ഡാമുകളിടെ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകൾ 10സെന്റീമീറ്ററും അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. പരിസരവാസികൾ ജാഗ്രതപുലർത്തണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.