
'ആലിൻകായ് പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണ്" എന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന മട്ടിലാണ് പലപ്പോഴും യു.ഡി.എഫിന്റെ, കുറഞ്ഞ പക്ഷം കോൺഗ്രസിന്റെ നടപടികൾ. കഴിഞ്ഞ കുറെ വർഷങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ആഴത്തിൽ പരിശോധിച്ചാൽ ഇക്കാര്യം ശരിക്കു ബോദ്ധ്യപ്പെടും. അവസരം കൈവെള്ളയിൽ വച്ചുകൊടുത്താലും ഊതിത്തെറിപ്പിക്കുന്ന ബാല്യ കുതൂഹലമാണ് എപ്പോഴും ഇക്കൂട്ടർക്ക്.
വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം തന്റേതായി ഒരു തന്റേടി സ്റ്റൈൽ പ്രകടിപ്പിക്കാറുള്ള കെ.പി.സി.സി പ്രസിഡന്റ് കളരിവീരൻ കെ.സുധാകര ഗുരുക്കൾ, ചട്ടവും ന്യായവും നിരത്തി എന്തിലും ഏതിലും ഘോരഘോരം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവ് പണ്ഡിതശ്രേഷ്ഠൻ വി.ഡി.സതീശൻ, ഇവിടൊരു ഊർജ്ജസ്വലനായ യു.ഡി.എഫ് കൺവീനർ പ്രവർത്തിക്കുന്നുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടാനും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും എപ്പോഴും ശ്രമിക്കാറുള്ള അഹിംസാ പ്രചാകരൻ എം.എം ഹസ്സൻ, സർവഥാ യോഗ്യനായ ലക്ഷണമൊത്തൊരു മുഖ്യമന്ത്രി തന്നിൽ കുടികൊള്ളുന്നുണ്ടെന്ന ആത്മവിശ്വാസത്തോടെ പാറിപ്പറന്നു നടക്കുന്ന ചെന്നിത്തല ഗാന്ധി തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്താൽ അനുഗൃഹീതമാണ് കോൺഗ്രസ്. രാഷ്ട്രീയ ഫ്ളക്സിബിലിറ്റിയിൽ രാജ്യത്ത് തന്നെ മുന്നിൽ നിൽക്കുന്ന വന്ദേഭാരത് കെ.മുരളീധരൻ, ഏതു കാര്യത്തിലും യുക്തിഭദ്രവും ലാളിത്യപൂർണവുമായ സൂത്രപ്രയോഗങ്ങൾ നിർദ്ദേശിക്കാൻ കെൽപ്പുള്ള കേരളബന്ധു തിരുവഞ്ചൂർജി തുടങ്ങി പാർലമെന്ററി താത്പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത മഹാരഥന്മാർ ഇതിന് പുറമെയും. യു.ഡി.എഫിന്റെ കുന്തക്കാലുകളായി നിലകൊള്ളുന്ന പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്, ചവറ പെരുമാൾ ഷിബു ബേബിജോൺജി, പ്രത്യയശാസ്ത്ര, സാമ്പത്തിക ശാസ്ത്ര വിശാരദൻ സി.പി. ജോൺജി തുടങ്ങിയ ജിമാരും ഒപ്പമുണ്ട്. എന്നിട്ടും കോൺഗ്രസേ, യു.ഡി.എഫേ എന്തേ നന്നാവാത്തൂ..
പടിക്കലെത്തി
ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് നിർണായകമായ ഒരു ലേക്സഭാ മണ്ഡലത്തിലേക്കും 2 നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുകയാണ്. ഇങ്ങനൊരു സംഭവമുണ്ടാവുമെന്ന് നേരത്തെ അറിയാവുന്നതാണ്. അതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തേണ്ടതുമാണ്. കേരളത്തെ ഭരിച്ച്, ഭരിച്ച് സ്വർഗതുല്യമാക്കിക്കൊണ്ടിരിക്കുന്ന ഒരു സർക്കാരും അതിന് പക്കമേളം പിടിക്കുന്ന കുറെ നേതാക്കളുമൊക്കെ ചേർന്ന് ചക്ക കുഴയ്ക്കുംപോലെ കാര്യങ്ങൾ കുഴച്ചുമറിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു സമാശ്വാസ ജയമൊക്കെ യു.ഡി.എഫിന് വേണമെങ്കിൽ പ്രതീക്ഷിക്കാവുന്നതാണ്. അതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിലും ജയം തങ്ങൾക്കെന്ന് ആവർത്തിച്ച് കൊട്ടിഘോഷിക്കാൻ ആരും മറന്നില്ലെന്നതുമാത്രമാണ് അവർ നടത്തിയ മുന്നൊരുക്കം. പാലക്കാട് നിലനിറുത്തണം, ചേലക്കരയിൽ ഇടതുപക്ഷത്തെ ഒരു പാഠം പഠിപ്പിച്ച് പിടിച്ചെടുക്കണം. വയനാട്ടിൽ പിന്നെ 'നന്ദിനിക്കുട്ടി' വരുന്നതുകൊണ്ട് വോട്ടു ചെയ്തില്ലെങ്കിൽ പോലും ജയിക്കുമെന്നാണ് വിശ്വാസം. വയനാട്ടിലെ കല്ലിനെയും പുല്ലിനെയും മലയെയും കുഴിയെയും ചുരത്തെയും സാക്ഷിയാക്കി മലബാർ സിംഹം ടി.സിദ്ദിഖ് ഇക്കാര്യം തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ പാലക്കാടും ചേലക്കരയും വോട്ടു ചെയ്താലേ ജയിക്കൂ എന്നും സിദ്ദിഖിന്റെ അരുളപ്പാടുണ്ട്. ഭാരതീയ ന്യായസംഹിത ജ്യൂസ് അടിച്ചുകുടിച്ചിട്ടുള്ള നീതിന്യായ ശ്രീമാൻ സാക്ഷാൽ കുഴൽനാടനും ഇക്കാര്യത്തിൽ സംശയമില്ല. ഇക്കാര്യങ്ങളെല്ലാം അപഗ്രഥനം ചെയ്താണ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് എത്തിയത്.
പാർലമെന്റിലെ കച്ചേരി മതിയാക്കി പൊന്നാടയും പ്രശംസിപത്രവും ഫലകവുമായി പാട്ടുപെട്ടി അടച്ച് മടങ്ങിയ ഗാനകോകിലം രമ്യാഹരിദാസിന് ഇപ്പോൾ വേദികൾ കുറവായതിനാൽ ചേലക്കരയിൽ ഇറക്കുന്ന കാര്യത്തിൽ തർക്കമേയുണ്ടായില്ല. മാത്രമല്ല, ഹൈക്കമാൻഡിന്റെ കടാക്ഷം വേണ്ടുവോളമുള്ള കലാകാരിയായതിനാൽ പാട്ടുംപാടി ജയിക്കുമെന്നതിൽ തർക്കവുമില്ല. നൂൽ നൂൽക്കാൻ പഴയപോലെ ചർക്ക കിട്ടാത്തതുകൊണ്ട് മാത്രം ഖദർധാരിയാവാൻ കഴിയാതെ ഖേദിക്കുന്ന യുവപോരാളി രാഹുൽ മാങ്കൂട്ടംജിയെ ഒന്നു പ്രതിഷ്ഠിക്കാൻ ചിലരൊക്കെ ഇടം നോക്കിയിരിക്കുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലക്കാട്. അങ്ങനെ കേരള രാഹുൽജി സ്ഥാനാർത്ഥിയായി. തീരുമാനത്തിനെതിരെ വെടിയും പുകയുമൊക്കെ വരുമെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. കെ.പി.സി.സി ആസ്ഥാനത്ത്, ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലവനായി വാണരുളിയ ഡോ.സരിൻ ഐ.എ.എ.എസിന് ഈ ഘട്ടത്തിലാണ് ഒരു ഉൾവിളിയുണ്ടായത്. കേരള നിയമസഭയിൽ തന്നെപ്പോലൊരു പ്രഗത്ഭമതിയുടെ കുറവുണ്ടെന്ന സത്യം സരിൻജി തിരിച്ചറിഞ്ഞ നിമിഷം. നേതാക്കളുടെ മലവെള്ളപ്പാച്ചിലിൽ ആണ്ടുപോയ ഈ മാണിക്യത്തെ ആരും കണ്ടെത്തിയില്ലെന്ന കുണ്ഠിതത്തോടെ, അദ്ദേഹം കെ.പി.സി.സി യുടെ പടിയിറങ്ങി നേരെ വാർത്താ സമ്മേളനത്തിലേക്ക്. അറിയാവുന്ന നേതാക്കളെയെല്ലാം പേരെടുത്തു പറഞ്ഞ്, കുറെ അറിയാ കഥകൾ എരിവും പുളിയും ചേർത്ത് വിളമ്പിയപ്പോൾ, വല്ലാത്തൊരു ആശ്വാസമായി. ഉള്ളിലെ ഒരു വിലക്കം നീങ്ങിയപോലെ. പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് സംസ്ഥാന കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന ഞെട്ടിക്കുന്ന സത്യം അന്നാദ്യമായി സരിൻജിയിലൂടെ പുറത്തു വന്നു. കന്റോൺമെന്റ് ഹൗസിൽ കാണാൻ ചെന്നപ്പോൾ, കലാമണ്ഡലത്തിൽ പഠിച്ചിട്ടില്ലാത്ത പ്രതിപക്ഷനേതാവ് അംഗവിക്ഷേപങ്ങളോടെ സഭ്യമായി പുലഭ്യം പറഞ്ഞതും അദ്ദേഹം വേദനയോടെ വെളിപ്പെടുത്തി. ഈ പ്രതികരണത്തെ അന്തരാത്മാവിൽ നിന്നുതിർന്ന നൊമ്പരമായി കണ്ട് ഒന്നനുനയിപ്പിക്കാനുള്ള സൗമനസ്യം ആരുമൊട്ട് കാട്ടിയുമില്ല. നെഞ്ചുപൊട്ടി സരിൻജി അങ്ങനെ നിൽക്കുമ്പോഴാണ്, ഒറ്റാലുമായി നിൽക്കുന്ന ഒരു കൂട്ടത്തെ കണ്ടത്.
കണ്ടകശനി കൊണ്ടേ പോകൂ എന്ന പരുവത്തിലായിരുന്നു കഴിഞ്ഞ കുറെ കാലമായി ഇടതുപക്ഷത്തിന്റെ അവസ്ഥ.
എന്തു ചെയ്താലും എത്തപ്പെടുന്നത് വിവാദങ്ങളിൽ. ഭരണത്തിലും പാർട്ടിയിലും സ്വസ്ഥതയില്ലാതെ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും മനഃസമാധാനംതേടി പോയ ഒരു മുഖ്യമന്ത്രി, തൊട്ടതിനും പിടിച്ചതിനുമെല്ലാം പഴികേൾക്കേണ്ടി വരുന്ന ഒന്നുമറിയാത്ത ചില മന്ത്രിമാർ, എ.കെ.ജി.സെന്ററിൽ ഇരിക്കപ്പൊറുതിയില്ലാതെ തെക്കോട്ടും വടക്കോട്ടും പരക്കം പായുന്ന പാർട്ടി സെക്രട്ടറി, പുറത്തുവിടും പുറത്തുവിടും എന്ന് പറഞ്ഞ് മാദ്ധ്യമ സംഘത്തിന് മുന്നിൽ കുടിൽകെട്ടി പാർത്ത പി.വി.അൻവർ എന്ന നിഷ്കാമകർമി.. എല്ലാം കൂടി ആകെ പ്രശ്നങ്ങൾ. മിഥുനം സിനിമയിലെ നെടുമുടി വേണുവിന്റെ മന്ത്രവാദിയെപ്പോലെ ഇപ്പം ഉടയ്ക്കും എന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഭരണപക്ഷത്തെ പ്രബല ഘടകകക്ഷിയുടെ സംസ്ഥാന സെക്രട്ടറി, മന്ത്രിമാറ്റം മന്ത്രി മാറ്റം എന്ന് ഉരുവിട്ട് ഇടയ്ക്കിടെ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്ന, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ആധിപത്യം കാട്ടാത്ത ദേശീയ പാർട്ടി... അങ്ങനെ നീളുന്ന പ്രതിസന്ധി. ഇതിനിടെയാണ് ഉപതിരഞ്ഞെടുപ്പ്. പാലക്കാട്ട് ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത്, പുറത്തു പറഞ്ഞില്ലെങ്കിലും കീറാമുട്ടിയായി നിൽക്കുമ്പോഴാണ് നെഞ്ചുപൊട്ടിയ സരിൻജിയുടെ ചുറ്റം ഒരു അരിവാൾ പ്രഭാവം ദൃശ്യമായത്. ശത്രുവിന്റെ ശത്രു മിത്രമെന്ന സിംപിൾ ലോജിക്കിലേക്ക് ഇടതുപക്ഷ ബൗദ്ധിക കണ്ണുകൾ നീണ്ടു. മൊത്തമായും ചില്ലറയായും സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രിക്ക് നേരെ ഇന്നലെ ചൊരിഞ്ഞ ആക്ഷേപങ്ങൾ, അമൃതവർഷമായി പരിണമിച്ചത് നിമിഷാർദ്ധത്തിലായിരുന്നു. നഗ്നപാദനായെത്തിയ രാഷ്ട്രീയ ഭിക്ഷാംദേഹിയെ ഗോവിന്ദൻ മാഷും കൂട്ടരും നിറുകയിൽ കൈതൊട്ട് അനുഗ്രഹിച്ചു സ്വീകരിച്ചു. ബാക്കിയെല്ലാം നാം കാണുകയാണ്, കൺ തുറന്ന്.
ഇതു കൂടി കേൾക്കണേ
ഒരുമരം അഴുകിയാൽ മറ്റൊരു മരത്തിന് വളം. പക്ഷെ മൂക്കു വിയർക്കുമ്പോൾ പാർട്ടിയും മുന്നണിയും ഉടുതുണി പോലെ മാറുന്നത് ഗുണകരമോ എന്ന് കാലം തെളിയിക്കട്ടെ.