കല്ലമ്പലം: നിറുത്തലാക്കിയ ബസ്‌ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കിളിമാനൂർ ഡിപ്പോയിൽ നിന്ന് മടവൂർ പള്ളിക്കൽ വഴി മൂതല പകൽക്കുറി ക്ഷേത്രം റൂട്ടിലോടിയിരുന്ന ബസാണ് ദീർഘനാളായി സർവീസ്‌ നിറുത്തിയത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 1982ൽ ഡിപ്പോ തുടങ്ങിയ സമയത്ത് ആരംഭിച്ച ബസാണിത്. പകൽക്കുറി ക്ഷേത്രത്തിൽ നിന്ന് സർവീസ് തുടങ്ങി മൂതല - പള്ളിക്കൽ - മടവൂർ - പോങ്ങനാട് വഴി കിളിമാനൂർ പരപ്പിൽ പോയി അവിടെനിന്ന് തിരിച്ച് ഈ റൂട്ട് വഴി ഓയൂരിലേക്കൂം ഓയൂരിൽ നിന്ന് പള്ളിക്കൽ വഴി കേശവപുരം ആശുപത്രി വഴി കിളിമാനൂരിലേക്കും ഓടിയിരുന്ന സർവീസാണ്. രാവിലെ പള്ളിക്കൽ നിന്നും ഓയൂരിലേക്കുള്ള ഏക ബസാണ്. പകൽക്കുറി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളേറെയും ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. പള്ളിയ്ക്കൽ നിവാസികൾക്ക് രാവിലെ 10ന് കേശവപുരം ആശുപത്രിയിൽ പോകാനും രാവിലെ 5ന് പകൽക്കുറി പള്ളിക്കൽ നിവാസികൾക്ക് കിളിമാനൂർ ചന്തയിൽ പോകാനും ഈ ബസ് ഉപയോഗപ്പെട്ടിരുന്നു. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല.