
വിതുര: ഉദ്ഘാടനം കഴിഞ്ഞ് 4വർഷം പിന്നിട്ടിട്ടും വിതുര ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. 2020 ഒക്ടോബർ 26നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. 45 ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചെലവ്.യൂണിറ്റ് പ്രവർത്തിക്കാത്തതിനാൽ സ്ഥാപിച്ച യന്ത്രങ്ങൾ തകരാറിലാകുമെന്നും പരാതികൾ ഉയർന്നിരുന്നു. റീപ്ലേസ്മെന്റും സർവീസ് വാറന്റിയും കഴിഞ്ഞാണ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതെങ്കിൽ മാറ്റി സ്ഥാപിക്കാനും നന്നാക്കുന്നതിനുമായി പുതിയ ഫണ്ട് വകയിരുത്തേണ്ടി വന്നേക്കും. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് വിതുര ആശുപത്രി. എന്നാൽ, ബ്ലോക്ക് പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ ആശുപത്രിയുടെ മുടങ്ങി പോകുന്ന പദ്ധതികളെക്കുറിച്ച് ഗൗനിക്കാറില്ല. യന്ത്രങ്ങളുടെ വാറന്റിയുടെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഡയാലിസിസ് യൂണിറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ സംവിധാനം ഒരുക്കുകയല്ലാതെ മറ്റുമാർഗങ്ങളില്ല. ജില്ലയിലെ മറ്റ് ആശുപത്രികളിൽ സ്ഥാപിച്ച യൂണിറ്റുകളിൽ പലതും ഇതിനകം പ്രവർത്തനമാരംഭിച്ചു. കൊവിഡ് കാലത്ത് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനമില്ലാതായതും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. നിലവിൽ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ ഡയാലിസിസ് സേവനങ്ങൾക്കായി നെടുമങ്ങാട്, പേരൂർക്കട ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി പ്രവർത്തിച്ചിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതോടെയാണ് താളംതെറ്റാൻ തുടങ്ങിയത്. നിലവിൽ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരും സ്റ്റാഫുകളുമില്ല. ചികിത്സയ്ക്കെത്തുന്ന രോഗികൾ നട്ടംതിരിയുകയാണെന്ന് നാട്ടുകാർ പറയുന്നു.
മന്ത്രിയുടെ മിന്നൽ സന്ദർശനം
പ്രവർത്തനങ്ങളെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് 2022ൽ താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി വീണാജോർജ് അന്ന് ഡയാലിസിസ് യൂണിറ്റും സന്ദർശിച്ചിരുന്നു.ഉദ്ഘാടനം കഴിഞ്ഞ് 2വർഷങ്ങൾക്ക് ശേഷമായിരുന്നു മന്ത്രിക്ക് കാണാനായി യൂണിറ്റ് കെട്ടിടം തുറന്നത്.ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം നൽകിയാണ് മന്ത്രി മടങ്ങിയത്. ഡയാലിസിസ് യൂണിറ്റ് നവംബറിൽ ഉദ്ഘാടനം നടത്തുമെന്നാണ് അധികാരികൾ പറയുന്നത്.
മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു
ഡയാലിസിസ് യൂണിറ്റ് തുറന്ന് പ്രവർത്തിക്കാൻ വൈകുന്നതിനെതിരെ ഡയാലിസിസ് രോഗികളുടെ കൂട്ടായ്മ പ്രതിഷേധിക്കുകയും ധർണ നടത്തുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ടി കണ്ണനെ ഉപരോധിച്ചു. പ്രതിഷേധക്കാർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൽ.കെ.ലാൽറോഷിൻ,പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ,ആശുപത്രി വികസന സമിതിയംഗം എസ്.കുമാരപിള്ള,ബി.എൽ.മോഹനൻ,കൃഷ്ണൻനായർ,മണ്ണറ വിജയൻ,അംബിക,മേമല സലീം,രാജേന്ദ്രൻ നായർ,അനിൽ കുമാർ,രഘു,ഷാജി,വിനോദ്,ജോയ് തുടങ്ങിയവർ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണം. ഡയാലിസിസ് യൂണിറ്റ് അടിയന്തരമായി തുറക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ