k

തിരുവനന്തപുരം: 'പുറത്തിറങ്ങി നടക്കണമെന്നോ ഓടണമെന്നോ ഒന്നുമില്ല..ഒന്നെഴുന്നേറ്റ് നിൽക്കാനായെങ്കിൽ..വിളിക്കാത്ത ദൈവങ്ങളില്ല...ഒരു ഗ്ലാസ് വെള്ളം സ്വന്തമായി എടുത്ത് കുടിക്കാൻ പോലും സാധിക്കുന്നില്ല....'മുഴുവിപ്പിക്കാനാകാതെ സിനി പൊട്ടിക്കരഞ്ഞു.ഇക്കഴിഞ്ഞ ജൂലായിൽ ദേശീയപാത വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ദുരന്തം അവശേഷിപ്പിച്ച വേദനകൾ ശാരീരികമായും മാനസികമായും സിനിയെ തളർത്തി.നാടിനെ നടുക്കിയ ദുരന്തത്തിന് മൂന്നുമാസം തികയുമ്പോൾ സിനി കേരളകൗമുദിയോട് മനസ് തുറക്കുന്നു...

മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണ് സിനിയുടെ സഹോദരി സിമി മരിച്ചു.സ്കൂട്ടർ ഓടിച്ചിരുന്ന സിനിയും നടുവിലിരുന്ന സിമിയുടെ മകൾ മൂന്നുവയസുകാരി ശിവന്യയും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലത്തുള്ള ബന്ധുവിന്റെ മരണത്തിന് പോയശേഷം സിമിയെ ശംഖുംമുഖത്തുള്ള ബന്ധുവീട്ടിൽ വിടാനുള്ള യാത്രയിലായിരുന്നു അപകടം.'ചേച്ചിയുടെ മരണം പത്തുദിവസത്തിന് ശേഷമാണ് എന്നെ അറിയിച്ചത്.ആദ്യം തൊട്ടപ്പുറത്തെ വാർഡിൽ അവൾ ഉണ്ടെന്നാണ് പറഞ്ഞത്..'സിനി ഓർത്തെടുത്തു.

നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. അന്നുമുതൽ കിടപ്പിലാണ്. ഉച്ചക്കടയിലാണ് താമസം. ഭർത്താവ് രാജീവിന് സൗദിയിലാണ് ജോലി. ഭർത്താവിന്റെ കുഞ്ഞമ്മയും അമ്മയുമാണ് ആശ്രയം. മക്കൾ അഭിമന്യുവും ആദിദേവും ഒപ്പമുണ്ട്. ആരോഗ്യം മെച്ചപ്പെടാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ദുരന്തങ്ങൾ തുടർക്കഥ

കോവളത്തായിരുന്നു സിനി താമസിച്ചിരുന്നത്. അപകടത്തിനു ശേഷം വീട് പൂട്ടിക്കിടന്നപ്പോൾ സ്വർണവും വീടിന്റെ ആധാരവും ഉൾപ്പെടെ മോഷണം പോയി. അതിനുശേഷം അങ്ങോട്ടേക്ക് പോകാൻ ഭയമാണെന്ന് സിനി പറയുന്നു. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട സിനിയെയും സിമിയെയും അമ്മ രാധയാണ് കൂലിപ്പണി ചെയ്ത് പോറ്റിയത്. രണ്ടുവർഷം മുൻപ് അമ്മ മരിച്ചതോടെ രക്തബന്ധമെന്ന് പറയാൻ സിനിക്ക് ഉണ്ടായിരുന്നത് സിമി മാത്രമായിരുന്നു.

വേദനിപ്പിക്കരുതേ..

ഇപ്പോൾ ഒരു കാൾ വരുമ്പോൾ എടുക്കാൻ സിനിക്ക് നെഞ്ചിടിപ്പാണ്. വിളിക്കുന്നവരൊക്കെ ചേച്ചിയെക്കുറിച്ചും അപകടത്തെക്കുറിച്ചും ചോദിക്കുമ്പോൾ തളർന്നുപോകും. സിമിയുടെ മകൾ ശിവന്യ ഇപ്പോൾ സിമിയുടെ ഭർത്താവ് ശിവപ്രസാദിന്റെ സഹോദരിയുടെ ശംഖുംമുഖത്തെ വീട്ടിലാണ് താമസം. മൂത്തമകൻ മൂന്നാംക്ലാസുകാരൻ ശരൺ നാലാഞ്ചിറയിലുള്ള ബന്ധുവീട്ടിലും. ആരോഗ്യം കുറച്ചെങ്കിലും മെച്ചപ്പെട്ടിരുന്നെങ്കിൽ അവരെ കൂട്ടിക്കൊണ്ടു വരാമായിരുന്നുവെന്ന് സിനി പറയുന്നു.