fire

നേമം: ദീപാവലിക്ക് ദിവസങ്ങൾ അവശേഷിക്കെ നാടെങ്ങും പടക്കവിപണികൾ ഉഷാറായി. തെക്കൻ കേരളത്തിന്റെ ശിവകാശി എന്നറിയപ്പെടുന്ന പാപ്പനംകോട് പൂഴിക്കുന്ന് പടക്ക വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദീപാവലിക്ക് ദിവസങ്ങൾ മുമ്പുതന്നെ വിപണിയിൽ വൻതിരക്കാണ്. വ്യത്യസ്തങ്ങളായ നിരവധി പടക്കങ്ങളാണ് ഇക്കുറി വിപണിയിൽ എത്തുന്നത്. ദീപാവലിക്കാലത്ത് തമിഴ്നാടിന്റെ കളിയിക്കാവിള, മാർത്താണ്ഡം ഭാഗങ്ങളിൽ നിന്നായി പടക്കം വാങ്ങാൻ ആളുകൾ ഇങ്ങോട്ടൊഴുകും. തിരുവനന്തപുരം-നെയ്യാറ്റിൻകര റൂട്ടിൽ പാപ്പനംകോട് നിന്ന് മലയിൻകീഴിലേക്ക് പോകുന്ന റൂട്ടിലെ പൂഴിക്കുന്നിൽ റോഡിനിരുവശത്തും പടക്കക്കടകൾ കാണാം. 10 മുതൽ 500 രൂപ വരെ വിലയുള്ള നൂറുകണക്കിന് വ്യത്യസ്ത പടക്കങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. വെടിക്കെട്ടാശാൻ പൂഴിക്കുന്ന് ഗോവിന്ദനാശാന്റെ പിൻതലമുറക്കാർ ഉൾപ്പെടെ നിരവധിപേരാണ് വൈവിദ്ധ്യമാർന്ന പടക്കങ്ങളുമായി വിപണിയിൽ മത്സരിക്കുന്നത്.

 ഡിമാന്റേറിയ ഷോട്ടുകൾ

ശബ്ദമില്ലാത്ത, വർണങ്ങൾ നിറഞ്ഞ കമ്പിത്തിരി,പൂക്കുറ്റി,തറച്ചക്രം,ഫയർ പെൻസിൽ, റോക്കറ്റ്,ഷോട്ട് എന്നിവയ്ക്കാണ് ഏറെ ഡിമാന്റുള്ളത്. ഇവയിൽ തന്നെ ക്രിസ്മസ് മാതൃകയിലെ വെള്ള,പച്ച,ചുവപ്പ് നിറത്തിലെ മയിൽ ഷോട്ടുകൾക്കാണ് ഏറെ പ്രിയം. വിപണിയിലെ സൂപ്പ‌ർ താരമാണ് മയൂര നൃത്തക്കാരി പീക്കോക്ക്. സിംഗിൾ ഷോട്ടിൽ തുടങ്ങി 15,30,240 ഷോട്ടുകൾ വരെയുള്ള പടക്കങ്ങളുമുണ്ട്. കൈയിൽ കത്തിച്ചുപിടിച്ചാലും പൊള്ളലേൽക്കാത്ത കൂൾ ഫയറുകൾക്കും ഇഷ്ടക്കാരേറെ. ഇവ രണ്ടും പടക്ക വിപണിയിലെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ 500 രൂപ മുതൽ 2000 രൂപ വരെയുള്ള ഗിഫ്റ്റ് പായ്ക്കറ്റുകളുമുണ്ട്.

 ഇലക്ട്രിക് റോക്കറ്റുകൾ

പ്ലഗ്ഗിൽ കൊടുത്ത് റിമോട്ടുകൊണ്ട് നിയന്ത്രിച്ച് കത്തിക്കാവുന്ന ആറ് തരം റോക്കറ്റുകളും വിപണിയിലുണ്ട്. എത്രയെണ്ണം വരെയും ഒരേ സമയം കത്തിക്കാം. എന്നാൽ നിലവിലെ സ്ഥിതി മാറി ഇലക്ട്രിക്കലിലേക്ക് പടക്ക വിപണി പൂർണമായും മാറുന്നതോടെ ഇപ്പോഴത്തെ കാശിന് പടക്കം വാങ്ങാനൊക്കാത്ത സ്ഥിതിയാകും. ലക്ഷങ്ങൾ വേണ്ടി വരുമെന്നർത്ഥം.

 ന്യൂജെൻ ഐറ്റംസ്

5 പീസുകളിലെ 150 രൂപ വിലയുള്ള കറങ്ങുന്ന പൂത്തിരി(ലോട്ടസ് വീൽ),പുകയില്ലാത്ത കമ്പിത്തിരി,ചിറ്റ്പുട്ട് കമ്പിത്തിരി,ഡിമാന്റനുസരിച്ച് ഉണ്ടാക്കി വിൽക്കുന്ന ഇലക്ട്രിക് ഷോട്ടുകൾ,ചിറ്റ്പുക്ക് പീക്കോക്ക്,എമു,എമു ബിഗ് എന്നിവയാണ് ന്യൂജെൻകാർ. കൂടാതെ അമിട്ട്,ഓല,മാലപ്പടക്കം,മുളക് പടക്കംറോൾമാല, ചരം മാല അങ്ങനെ നീളുന്നു വിഭവങ്ങൾ. കുട്ടികളുടെ പ്രധാന വിനോദമായ പൊട്ടാസും തോക്കുമുൾപ്പെടെ വിപണി അത്യാകർഷകങ്ങളാണ്.