
ആറ്റിങ്ങൽ: തരിശുഭൂമിയിൽ രണ്ടുവർഷം മുമ്പ് നവീന കൃഷികൾ പ്രായോഗികമാക്കി പ്രവാസിയായ ആറ്റിങ്ങൽ വലിയകുന്ന് സ്വദേശി സുനിൽകുമാർ. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏളിയെന്ന പ്ലാവ്, അതിന് മുമ്പേ കായ്ച്ച് നിറയെ ചക്കകളുണ്ടായതിന്റെ സന്തോഷത്തിലാണ് സുനിൽ. പ്രവാസ ജീവിതം അവസാനിക്കുമ്പോൾ തന്റെ കൃഷിയിടം വിളവെടുപ്പിന്റെ തലത്തിലെത്തിക്കുന്നതിനായാണ് മുൻകൂട്ടി കൃഷികൾ ആരംഭിച്ചത്. 6 ഏക്കർ വരുന്ന കൃഷിയിടത്ത് ഒന്നര ഏക്കറിലാണ് ഒന്നാംഘട്ടമായി രണ്ട് വർഷം മുമ്പ് നൂതന കൃഷി രീതികൾ നടപ്പാക്കിയത്. മാവ്, പ്ലാവ്, പേര, തെങ്ങ്, അവക്കാഡോ, റംബുട്ടാൻ, ഡ്രാഗൻഫ്രൂട്ട്, പപ്പായ, സ്റ്റോബറി, പേരയ്ക്ക തുടങ്ങി 20 ലധികം ഫലവൃക്ഷങ്ങളും ഇടവിളയായി ഇഞ്ചി, മരച്ചീനി, വാഴ തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്. ദീർഘകാല കൃഷികൾ വിജയമായതോടെ മഴ മാറിയാൽ പച്ചക്കറിക്കൃഷിയും വ്യാപകമാക്കാനും സുനിലിന് പദ്ധതിയുണ്ട്. രണ്ടുവർഷം മുമ്പ് കൃഷിയിടമൊരുക്കിയ ശേഷം കുറഞ്ഞ കാലയളവിൽ മുന്തിയ വിളവ് നൽകുന്നയിനം ഫലവൃക്ഷങ്ങളാണ് നടീലിന് തിരഞ്ഞെടുത്തിരിക്കുന്നത്. മുദാക്കൽ കൃഷിഭവന്റെ കീഴിൽ അയിലത്തെ നദിക്കരയിലാണ് കൃഷിഭൂമി.