ayillyamuttumpulluvanpatt

പള്ളിക്കൽ: സർപ്പക്കാവുകളിലെ പുള്ളുവൻപാട്ടും പാടാൻ ആളില്ലാതായതോടെ അന്യം നിന്നു പോകുന്നു. പുള്ളുവ വിഭാഗത്തിന്റെ കുലത്തൊഴിലും പരമ്പരാഗത കലയുമാണ് പുള്ളുവൻപാട്ട്. നാഗരൂട്ടിന് ആയില്യം നാളിൽ നാഗദേവതകളെ സ്തുതിച്ചു കൊണ്ടുള്ള പുള്ളുവൻപാട്ടിന്റെ സാന്നിദ്ധ്യമാണ് ഇതോടൊപ്പം കാവുകളിൽ നിന്നും അപ്രത്യക്ഷമാകുന്നത്. ഊട്ടിന് പാൽ, പഴം, തേൻ തുടങ്ങിയവ ചേർന്ന ത്രിമധുരവും മഞ്ഞൾപ്പൊടിയും പാലുംചേർന്ന നൂറുംപാലും നാഗദേവതകൾക്ക് സമർപ്പിക്കുന്നതിനൊപ്പം നാഗദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള പുള്ളുവൻപാട്ടും പ്രധാനമാണ്. പുള്ളുവ വിഭാഗത്തിൽപ്പെട്ടവരുടെ കുലത്തൊഴിലാണ് നാഗര് കാവുകളിലെ പുള്ളുവൻപാട്ട് ആലാപനം. പുള്ളുവ വീണ, കുടം, കൈതാളം തുടങ്ങിയ വാദ്യങ്ങളോടെ നാഗദേവതകൾക്ക് സ്തുതിഗീതം പാടി വിശ്വാസികളുടെ ദോഷങ്ങൾ അകറ്റുകയാണ് പുള്ളുവൻപാട്ടിന്റെ പ്രധാന ലക്ഷ്യം. ഒരു വ്യാഴവട്ടത്തിനു മുൻപുവരെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ആയില്യം ഊട്ടിനോടൊപ്പം പുള്ളുവൻപാട്ട് സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പരമ്പാരാഗത കലകൂടിയായ പുള്ളുവൻപാട്ടിന്ന് സർപ്പക്കാവുകളിൽ നാമമാത്രമായേ കാണുന്നുള്ളൂ.

നാഗക്കളമെഴുത്തും സർപ്പപ്പാട്ടും

ഒന്നു മുതൽ ഒൻപതു ദിവസം വരെ നീണ്ടുനിൽക്കുന്ന ചടങ്ങിന് കാർമ്മികത്വം വഹിക്കുന്നതും പുള്ളുവർ തന്നെയാണ്. ഓരോ ദിവസവും വ്യത്യസ്തമായ സർപ്പക്കളങ്ങൾ പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ച് വരച്ച് നൂറുംപാലും ഊട്ടി പുള്ളുവൻ പാട്ട് പാടുന്നതാണ് ചടങ്ങ്.

കാരണങ്ങൾ

പരിശീലനത്തിനായി പുതുതലമുറ താത്പര്യം കാണിക്കുന്നില്ല

ഒരു സ്ഥിരവരുമാന മാർഗമായി കാണാൻ കഴിയാത്തതിനാൽ യുവാക്കളെ ആകർഷിക്കുന്നില്ല

അമ്പലങ്ങളിൽ വലിയ തുകകൾ കരമായി നൽകിയാലേ പുള്ളുവൻപ്പാട്ടിന് അനുമതി ലഭിക്കൂ