gov
വി.സി

നാളെയോടെ കേരളത്തിലെ 14 സർവകലാശാലകളിൽ പതിമൂന്നിടത്ത് വൈസ്ചാൻസലർമാർ ഇല്ലാതാവുകയാണ്. നാളെ വിരമിക്കാനിരുന്ന ആരോഗ്യ വി.സി ഡോ. മോഹനൻ കുന്നുമ്മേലിന് ഇന്നലെ പുനർനിയമനം നല്കിയതുകൊണ്ട് ഒരിടത്തെങ്കിലും സ്ഥിരം വി.സി ആയി! ആദ്യമായാണ് ഇത്രയും യൂണിവേഴ്സിറ്റികളിൽ ഒറ്റയടിക്ക് വി.സിമാരില്ലാതാകുന്നത്. പതിമൂന്നിടത്തും ഒരു പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകിയിരിക്കുകയാണ്. നിയമനമടക്കം സുപ്രധാന തീരുമാനങ്ങളെടുത്ത് പുലിവാൽ പിടിക്കാൻ ഇൻ-ചാർജ്ജ് വി.സിമാർ തയ്യാറാവില്ല. ഇൻ-ചാർജ്ജ് വി.സിമാരെ റബർസ്റ്റാമ്പുകളാക്കി സിൻഡിക്കേറ്റിലെ രാഷ്ട്രീയക്കാരാണ് ഇപ്പോൾ വാഴ്സിറ്റികൾ ഭരിക്കുന്നത്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഒഴികെയുള്ള കാര്യങ്ങളെല്ലാം ഇഴയുകയാണ്. 2022 ഒക്ടോബർ മുതലുള്ള വി.സി ഒഴിവുകളിൽ ഇതുവരെ നിയമനം നടത്താനായിട്ടില്ല.

യു.ജി.സി, സർവകലാശാല, ചാൻസലർ എന്നിവരുടെ പ്രതിനിധികളുള്ള മൂന്നംഗ സമിതിയാണ് വി.സി നിയമനത്തിന് പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്ന് നിയമനം നൽകേണ്ടത് ഗവർണറും. ഗവർണറും സർക്കാരുമായുള്ള ഉടക്കാണ് വി.സിമാരെ നിയമിക്കുന്നതിന് തടസം. വി.സി നിയമനത്തിൽ ചാൻസലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. ചാൻസലർ എന്നത് വെറും സ്ഥാനപ്പേരല്ലെന്നും, സർവകലാശാലകളിൽ സുപ്രധാനമായ ചുമതലയുണ്ടെന്നും കണ്ണൂർ വി.സിയെ പുറത്താക്കിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റികൾ രൂപീകരിക്കാൻ ഗവർണർ പലവട്ടം ശ്രമിച്ചെങ്കിലും സെനറ്റ് പ്രതിനിധികളെ നൽകാതെ സർക്കാർ തടയിടുകയായിരുന്നു. നിയമപ്രകാരം സിൻഡിക്കേറ്റ്/ സെനറ്റ് പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാവണം. ഇവരില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതേസമയം, സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ അധികാരമില്ലാത്ത സർക്കാർ സ്വന്തം നിലയിൽ എല്ലായിടത്തും കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു.

നിയമസഭ പാസാക്കുകയും രാഷ്ട്രപതി തള്ളുകയും ചെയ്ത ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാരിന്റെ സെർച്ച് കമ്മിറ്റികൾ. നിലവിലെ മൂന്നംഗ സെർച്ച് കമ്മിറ്റിക്കു പകരം രണ്ട് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാക്കാൻ കൊണ്ടുവന്ന ബില്ലിനാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം സെർച്ച് കമ്മിറ്റിയുണ്ടാക്കൽ സർക്കാരിന്റെ അധികാരപരിധിയിലാണെന്ന് വ്യാഖ്യാനിച്ചാണ് നടപടികൾ. എന്നാൽ നിയമനാധികാരിയായ തനിക്കാണ് സെർച്ച് കമ്മിറ്റിയുണ്ടാക്കാനും അധികാരമെന്ന് ഗവർണർ പറയുന്നു. യു.ജി.സി, വാഴ്സിറ്റി, ചാൻസലർ എന്നിവരുടെ പ്രതിനിധികളാണ് സെർച്ച്കമ്മിറ്റിയിലുണ്ടാവേണ്ടത് എന്നിരിക്കെ, യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ, സിൻഡിക്കേറ്റ് എന്നിവരുടെ ഓരോ പ്രതിനിധിയും സർക്കാരിന്റെ രണ്ട് പ്രതിനിധികളുമാണ് സർക്കാർ കമ്മിറ്റിയിൽ. സർക്കാർ പ്രതിനിധികളുടെ ഭൂരിപക്ഷത്തിൽ വേണ്ടപ്പെട്ടവരെ വി.സിയാക്കാനാണ് ശ്രമം. കേരള വാഴ്സിറ്റിയുടെ കേസിൽ, സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ നടപടികളെടുക്കാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

തീരാത്ത

തർക്കം

വി.സിയെ നിയമിക്കാൻ മാത്രമാണ് ഗവർണർക്ക് അധികാരമെന്നും, അപേക്ഷ ക്ഷണിക്കുന്നതും പാനലുണ്ടാക്കുന്നതുമടക്കം സർക്കാർ ചെയ്യുമെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. സെർച്ച്കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല. വാഴ്സിറ്റികളുടെ പ്രോ ചാൻസലർ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണെന്നിരിക്കെ എങ്ങനെ സർക്കാരിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനാവുമെന്നാണ് ഗവർണറുടെ ചോദ്യം. 2018-ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി ചെയർമാന്റെ പ്രതിനിധി ഉണ്ടായിരിക്കണമെന്നു മാത്രമാണുള്ളത്. അംഗങ്ങളുടെ എണ്ണം പറയുന്നില്ല. ആരാണ് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും പറയുന്നില്ല. ഇത് പിടിവള്ളിയാക്കിയാണ് സർക്കാരിന്റെ നീക്കങ്ങൾ.

'വേണ്ടപ്പെട്ടവരെ" വൈസ്ചാൻസലർമാരാക്കാൻ യു.ജി.സിയെ വകവയ്ക്കാതെ നടത്തിയ കള്ളക്കളികൾക്ക് തുടരെ തിരിച്ചടി കിട്ടിയിരുന്നു. നാല് വി.സിമാരെയാണ് കോടതികൾ പുറത്താക്കിയത്. നിയമനത്തിന് പാനലിനു പകരം ഒറ്റപ്പേര് നൽകിയെന്നു കണ്ടെത്തി, 2022 ഒക്ടോബറിൽ സാങ്കേതിക സർവകലാശാലാ വി.സി ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയിരുന്നു. 2022 നവംബർ14-ന് ഫിഷറീസ് വി.സി ഡോ. റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. 2023 നവംബർ 30-ന് കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയത് സുപ്രീംകോടതിയാണ്. 2024 മാർച്ച് 21-ന് സംസ്കൃത വി.സി ഡോ.എം.വി.നാരായണനെ ഗവർണർ പുറത്താക്കിയത് ഹൈക്കോടതി ശരിവച്ചു. സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. പാനലിനു പകരം ഒറ്റപ്പേര് നൽകിയതാണ് സംസ്കൃത വി.സിക്കും കുരുക്കായത്.

ചുമതലയും

ചൂഴ്ന്നുകയറ്റവും

വി.​സി​മാ​രെ​ ​നി​യ​മി​ക്കേണ്ടത് ​ത​ന്റെ​ ​ചു​മ​ത​ല​യാ​ണെ​ന്നും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത് ​ത​ട​യാ​നാ​വി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പറയുന്നു. ആ​വ​ർ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​പ്ര​തി​നി​ധി​ക​ളെ​ ​ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ​സ്വന്തമായി സെർച്ച് കമ്മിറ്റികളുണ്ടാക്കിയത്. പ്ര​തി​നി​ധി​ക​ളെ​ ​ന​ൽ​ക​രു​തെ​ന്നാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​സി​ൻ​ഡി​ക്കേ​റ്റു​ക​ൾ​ക്ക് ​കോ​ട​തി​യി​ൽ​ ​പോ​കാ​നും​ ​ചാ​ൻ​സ​ല​ർ​ക്ക് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യു​മാ​യി​ ​മു​ന്നോ​ട്ടു പോ​കാ​നും​ ​അ​വ​കാ​ശ​മു​ണ്ട്. അ​തേ​സ​മ​യം,​ ​ഗ​വ​ർ​ണ​റു​ടെ​ ​നീ​ക്കം​ ​ജ​നാ​ധി​പ​ത്യ​ത്തി​നു മീ​തെ​യു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാണ് ​മ​ന്ത്രി​ ​ആ​ർ​. ​ബി​ന്ദുവിന്റെ​ ​ആ​രോ​പണം. ചാ​ൻ​സ​ല​റു​ടെ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ത​ട​സ​മാ​ണ്.​ ​എ​.ബി.​വി​.പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​യ​തു​കൊ​ണ്ടു മാ​ത്രം​ ​ചി​ല​രെ​ ​നോ​മി​നേ​റ്റ് ​ചെ​യ്യു​ന്നു.​ ​കാ​വി​വ​ൽ​ക്ക​ര​ണ​ത്തെ​ ​നി​യ​മ​പ​ര​മാ​യി​ ​പ്ര​തി​രോ​ധി​ക്കും.​ ​ചാ​ൻ​സ​ല​ർ​മാ​രി​ലൂ​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഹി​ന്ദു​ത്വ​ ​അ​ജ​ണ്ട​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മ​മെ​ന്നും​ ​മ​ന്ത്രി​ ​വിശദീകരിക്കുന്നു.

വി.സിമാർ ഒഴിഞ്ഞ

കാലയളവ്

 കാർഷികം--------------2022 ഒക്ടോബർ

 സാങ്കേതികം----------2022 ഒക്ടോബർ

 കേരള--------------------2022 ഒക്ടോബർ

 ഫിഷറീസ്----------------2022 നവംബർ

 മലയാളം-----------------2023 ഫെബ്രുവരി

 കുസാറ്റ്------------------2023 ഏപ്രിൽ

 എം.ജി--------------------2023 മേയ്

 കണ്ണൂർ-------------------2023 ഡിസംബർ

 ഓപ്പൺ-------------------2024 ഫെബ്രുവരി

 സംസ്കൃതം----------------2024 മാർച്ച്

 വെറ്ററിനറി---------------2024 മാർച്ച്

 കാലിക്കറ്റ്----------------2024 ജൂലായ്

 ഡിജിറ്റൽ----------------ഒക്ടോബർ 26