1

ശ്രീകാര്യം: കുളത്തൂർ - കഴക്കൂട്ടം റോഡ് വിവിധ പദ്ധതികളുടെ ഫലമായി കുത്തിക്കുഴിച്ചിട്ടിട്ട് ഒന്നര വർഷം കഴിഞ്ഞു. ശ്രീകാര്യം ചാവടിമുക്ക് മുതൽ എൻജിനിയറിംഗ് കോളേജ് വരെയുള്ള ഭാഗത്ത്‌ റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി. ഓരോ തവണയും അവിടവിടെ പേച്ച് വർക്ക് നടത്തി ഇടാറാണ് പതിവ്.

2019ൽ തുടങ്ങിയ പെെപ്പിടൽ ഉൾപ്പെടെയുള്ള പണികൾ ഇതുവരെ തീർന്നിട്ടില്ല.ടാർ ചെയ്യാത്തതിനാൽ പല ലെവലുകളായാണ് റോഡ് കിടക്കുന്നത്.ഗ്യാസ് പൈപ്പിടാനായി കുഴിച്ച് ആറുമാസത്തിലേറെ മൂടാതെ ഇട്ടിരുന്നത് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഗതാഗതയോഗ്യമാക്കിയത്.എങ്കിലും എമ്മാവൂസ് ചർച്ച് മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്ത് പഴയപടി തന്നെ.

പൊതുമരാമത്ത് വകുപ്പിന്റെ മാന്വലിൽ പറയുന്നത് റോഡുകട്ട് ചെയ്താൽ 48 മണിക്കൂറിനകം അതുമൂടി ഗതാഗത യോഗ്യമാക്കണമെന്നാണ്. ഇപ്പോൾ വാട്ടർ അതോറിട്ടി ആറ്റിൻകുഴി ഭാഗത്ത്‌ ഡ്രെയിനേജ് ലൈൻ പെെപ്പിടുന്നുണ്ട്. മാത്രമല്ല കുഴിച്ചിടാനുള്ള പെെപ്പുകൾ പ്രധാന റോഡിൽ അലക്ഷ്യമായി ഇറക്കിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ ഉൾപ്പെടെ അപകടത്തിന് കാരണമാകും.ഇവിടെയൊന്നും ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ സേഫ്ടി ബാരിയറോ,രാത്രികാലങ്ങളിൽ ബിക്കോൺ ലൈറ്റുകളോ ഇല്ലാത്തതിനാൽ സ്ഥിരമായി അപകടമുണ്ടാകാറുണ്ട്. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ ഈ ഭാഗത്ത് തിരിഞ്ഞുനോക്കാറില്ലെന്ന് ആക്ഷേപമുണ്ട്. മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി,ചീഫ് എൻജിനിയർ,എക്സിക്യുട്ടിവ് എൻജിനിയർ,അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ എന്നിവർക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികൾ കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.