പാറശാല: ഗ്രാമീണമേഖലയിലെ പ്രശ്നങ്ങൾ അവിടെത്തന്നെ പരിഹരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ച് കോടതികൾ സ്ഥാപിച്ചത്. എന്നാൽ ഇവിടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ഇതുവരെ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പാറശാലയിലെ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗ്രാമീണ കോടതിയിൽ ആദ്യം അവധി ദിവസങ്ങൾ ഒഴികെ എല്ലാദിവസവും പ്രവർത്തിച്ചിരുന്നു. എന്നാലിപ്പോൾ മാസത്തിൽ രണ്ട്ദിവസം മാത്രമാണ് സിറ്റിംഗ് നടത്തുന്നത്. ഇവിടെ 10ഓളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ സർക്കാരിൽ നിന്നും ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും ഉണ്ട്. എന്നാൽ സ്ഥിരമായി ജഡ്ജി ഇല്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അതിനാൽ നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് മാസത്തിൽ രണ്ടുതവണ ഇവിടെയെത്തി കേസുകൾ കൈകാര്യം ചെയ്യുകയാണ് പതിവ്.
ആശ്രയം നെയ്യാറ്റിൻകരയിൽ
പാറശാല ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 8 ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട പാറശാല, പൊഴിയൂർ, പൂവാർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളാണ് ഇവിടെയുള്ളത്. രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്നതും രണ്ട് ലക്ഷം വരെയുള്ള മണി സ്യൂട്ടുകളുമാണ് ഇവിടെ പരിഗണിക്കുന്നത്. ഇവിടെ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പൊലീസ് സ്റ്റേഷനുകളിലെ പരാതികളും തീർപ്പാവാതെ നീളുകയാണ്. നിലവിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പാക്കാനായി വക്കീലൻമാർ നെയ്യറ്റിൻകര കോടയിലേക്ക് കേസുകൾ മാറ്റുകയാണ് ചെയ്യുന്നത്.
നടപടിവേണം
താലൂക്ക് ആസ്ഥാനമായ നെയ്യാറ്റിൻകരയിലെ കോടതി സമുച്ചയത്തിലെ തിരക്കിൽപ്പെടാതെ കേസുകൾ വളരെ പെട്ടെന്ന് തീർപ്പാക്കാമെന്നതാണ് ഗ്രാമീണ കോടതിയുടെ പ്രത്യേകത. ഇത് വാദികൾക്കും പ്രതികൾക്കും ഏറെ ആശ്വാസമായിരുന്നു. നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫിന്റെ അധിക ചുമതലയിൽ പ്രവർത്തിച്ചുവരുന്ന പാറശാല ഗ്രാമീണകോടതി നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.