ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെർമിനലുകൾക്ക് പുറത്തെ സുരക്ഷയിൽ കേന്ദ്ര ഏജൻസികൾക്ക് ആശങ്ക. പൊലീസിന്റെ ഒരുഎയ്ഡ് പോസ്റ്റല്ലാതെ സുരക്ഷാ സംവിധാനമില്ല. വിമാനങ്ങൾക്ക് അടിക്കടി വ്യാജഭീഷണി സന്ദേശങ്ങളെത്തുന്നത് കൂടി കണക്കിലെടുത്ത് വിമാനത്താവളത്തിന് പുറത്തുള്ള സുരക്ഷ അടിയന്തരമായി ശക്തമാക്കണമെന്നാണ് കേന്ദ്ര എജൻസികളുടെ നിർദേശം.

ലാൻഡിംഗ് നടത്തുന്നതിനടുത്തെ പൊന്നറ പാലത്തിൽ വിമാനങ്ങളുടെ ലാൻഡിംഗ് കാണാനും ചിത്രങ്ങളെടുക്കാനുമായി നിരവധി പേരാണ് ദിവസവുമെത്തുന്നത്. അവിടെ പേരിനു പോലും പൊലീസ് സുരക്ഷയില്ല. മുമ്പ് വിമാനത്താവളത്തിലെയും പുറത്തെയും സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനായിരുന്നു. കാണ്ടഹാർ വിമാനറാഞ്ചലിനെ തുടർന്നാണ് വിമാനത്താവളത്തിനുള്ളിലെ സുരക്ഷ സി.ഐ.എസ്.എഫിനെ ഏൽപ്പിച്ചത്.

ടെർമിനൽ കെട്ടിടം, ഓപ്പറേഷൻ ഏരിയ, വിമാനങ്ങൾ എന്നിവയുടെ സുരക്ഷ സി.ഐ.എസ്.എഫിനാണ്. ഇതിന് എയർസൈഡ് സെക്യുരിറ്റി എന്നാണ് പേര്. ടെർമിലിന് പുറത്തും ചുറ്റിലുമുള്ള സുരക്ഷ ലോക്കൽ പൊലീസിനാണ്. സിറ്റിസൈഡ് സെക്യൂരിറ്റി എന്നാണ് ഇതിന്റെ പേര്. വിമാനത്താവള പരിസരം മൂന്ന് സ്റ്റേഷനുകളുടെ പരിധിയിലാണ്. അധികാര പരിധി തർക്കം കാരണം കാര്യമായ പട്രോളിംഗില്ല.