
കാട്ടാക്കട: ശക്തമായ മഴയിൽ കശുഅണ്ടി ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു. ചെമ്പനാകോട് കണ്ണേറു വീട്ടിലെ സിന്ധുവിന്റെ വീടിന് മുകളിലൂടെയാണ് മതിൽ ഇടിഞ്ഞുവീണത്.
സ്വകാര്യ കശുഅണ്ടി ഫാക്ടറിയിൽ നിന്ന് മഴവെള്ളം കെട്ടിനിന്നതാണ് അപകട കാരണമെന്ന് സമീപ വാസികൾ പറയുന്നു. 15 അടി ഉയരമുള്ള കൂറ്റൻ മതിൽക്കെട്ട് പൂർണമായും വീടിന് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. തകർന്നുവീണ കല്ലുകൾക്കിയിടിൽപ്പെട്ട സിന്ധുവിന്റെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സിന്ധുവിന് നിസാരപരിക്കുകളേ പറ്റിയുള്ളൂവെങ്കിലും 15 വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിൽ നിന്നും ലഭിച്ച വീട് പൂർണമായും തകർന്നു. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിർധന കുടുംബമാണ്.രണ്ട് മക്കളുണ്ട്.
കാട്ടാക്കട തഹസിൽദാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി,വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു. തകർന്ന വീടിന് പകരം വീട്, മഴവെള്ളം ഒഴുക്കിവിടാനുള്ള നടപടി, തകർന്ന മതിൽ ബലപ്പെടുത്തി പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൻ ഫാക്ടറി മാനേജ്മെന്റുമായി ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. വരുന്ന തിങ്കളാഴ്ച വീണ്ടും ചർച്ചനടത്തുമെന്ന് അധികൃതർ അറിയിച്ചു.