a

തിരുവനന്തപുരം : സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റിയതു സംബന്ധിച്ച തർക്കത്തിനൊടുവിൽ വെള്ളായണിയിൽ സമ്മേളന പ്രതിനിധികൾ തമ്മിലടിച്ചു. അദ്ധ്യാപകൻ കൂടിയായ ജയചന്ദ്രനായിരുന്നു നിലവിൽ ലോക്കൽ സെക്രട്ടറി. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അദ്ധ്യാപകരടക്കം പൂർണ്ണസമയം പാർട്ടി പ്രവർത്തനത്തിന് വിനിയോഗിക്കാത്തവരെ മാറ്റണമെന്ന നിർദ്ദേശം ഏരിയാ കമ്മിറ്റി നടപ്പാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

സി.പി.എം നേമം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള നേമം ലോക്കൽ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനം 22ന് പ്രാവച്ചമ്പലത്ത് കല്ലിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് നടന്നത്. നേമം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജയചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തുടർചർച്ചകളും നടന്നു. ഇതിനുശേഷം ലോക്കൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ തർക്കമുയരുകയും വോട്ടെടുപ്പിനുള്ള സാഹചര്യം ഉരിത്തിരിയുകയും ചെയ്തു. ഇതോടെ ഏരിയ കമ്മിറ്റിയിടപെട്ട് നിലവിലെ കമ്മിറ്റിയോട് തുടരാനും ജയചന്ദ്രനെ സ്ഥാനത്തു നിന്ന് മാറ്റാനും ആവശ്യപ്പെട്ടു.

തുടർന്ന് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി സമ്മേളന പ്രതിനിധിയായ ശംഭുവിനെ വെള്ളായണി ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം പ്രതിനിധികൾ എതിർക്കുകയായിരുന്നു. ജയചന്ദ്രനെ മാറ്റുകയാണെങ്കിൽ നിലവിലെ ലോക്കൽ കമ്മിറ്റിയംഗമായ ഗിരിയെ സെക്രട്ടറിയാക്കണമെന്നും അവർ വാദമുയർത്തി. തുടർന്ന് വിഷയം കൈയാങ്കളിയിലേക്ക് നീങ്ങി. ചില പ്രതിനിധികൾ മൈക്ക് സ്റ്റാൻഡെടുത്ത് അടിക്കുന്ന നിലയുണ്ടായി. കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഏരിയ നേതൃത്വമിടപെട്ട് സമ്മേളനം നിറുത്തിവച്ചു. നിലവിലെ ലോക്കൽ സെക്രട്ടറി തുടരാനും അനുമതി നൽകി.