obit

നെടുമങ്ങാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ഭർത്താവ് മരിച്ചു. ഭാര്യ ചികിത്സയിൽ. മന്നൂർക്കോണം പേരില കിഴക്കിൻകര പുത്തൻവീട്ടിൽ എൻ.തങ്കറാവു (60) ആണ് മരിച്ചത്. വലിയമല ഐ.എസ്.ആർ. ഒ ജംഗ്‌ഷനിൽ ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. കൊറളിയോട് സി.എസ്.ഐ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത് 16 - ആം കല്ലിലേയ്ക്ക് വരികയായിരുന്നു ദമ്പതികൾ. വിതുരയിൽ നിന്ന് ചുള്ളിമാനൂരിലേയ്ക്ക് വന്ന കാറാണ് ബൈക്കിൽ ഇടിച്ചത്.ചുള്ളിമാനൂർ സ്വദേശികളായ രണ്ടു യുവാക്കളാണ് കാറോടിച്ചിരുന്നത്.ഇവരിലൊരാളെ വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം വിട്ടയച്ചു.റോഡിലെ ഗട്ടറിൽ വീഴാതെ വെട്ടിയൊഴിച്ചപ്പോൾ ബൈക്കിൽ ഇടിച്ചുവെന്നാണ് ലഭിച്ചിട്ടുള്ള മൊഴി.ചുള്ളിമാനൂർ ടോൾ ജംഗ്‌ഷനിൽ വാഹനങ്ങളുടെ പാച്ച് വർക്ക് സ്ഥാപനം നടത്തി വരികയായിരുന്നു പരേതൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ : ജലജ. മക്കൾ : ജിഷ, ജിഷാന്ത്‌.മരുമക്കൾ : സാജൻ, അഖില.