തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിലേതടക്കം നഗരത്തിലെ അടഞ്ഞുകിടക്കുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ നവംബർ 1ന് തുറക്കും. തിരുവനന്തപുരം കോർപ്പറേഷൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഒരു ഡ്യൂട്ടിക്ക് 100 രൂപ വീതം വർദ്ധിപ്പിക്കാനും തീരുമാനമായി. മതിയായ വേതനമില്ലാത്തതിനാൽ പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറിലെ ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോയതോടെ കൗണ്ടറുകൾ പ്രവർത്തിക്കുന്നില്ലെന്ന് 19ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് വേതനത്തിൽ വർദ്ധനവ് വരുത്തിയത്. കൗണ്ടറിൽ ഈടാക്കുന്ന ഫീസ് 2 രൂപയിൽ നിന്നും 3 ആയി വർദ്ധിപ്പിക്കും. ലുലു മാളിലും മാൾ ഓഫ് ട്രാവൻകൂറിലും രണ്ട് പുതിയ പ്രീ-പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ തുറക്കാനും പദ്ധതിയുണ്ട്. മെഡിക്കൽ കോളേജ്, ഗാന്ധിപാർക്ക്,പദ്മനാഭസ്വാമി ക്ഷേത്രം,കിംസ് ആശുപത്രി,പേട്ട റെയിൽവേ സ്റ്റേഷൻ.പവർ ഹൗസ് റോഡ്,തമ്പാനൂർ ബസ് സ്റ്റേഷൻ,തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നത്.