തിരുവനന്തപുരം: നഗരത്തിൽ ഓടിക്കാൻ സ്‌മാർട്ട് സിറ്റി വഴി കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നൽകിയ 113 ഇലക്ട്രിക്ക് ബസുകൾ നഗരം വിട്ട് ഓടിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ഉറപ്പുനൽകി. ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന അഡ്വൈസറി ബോർഡ് യോഗത്തിലാണ് ഇക്കാര്യം അധികൃതർ നഗരസഭയെ അറിയിച്ചത്.കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക്ക് ബസുകളിൽ ചിലത് പണിമുടക്കിയ സാഹചര്യത്തിലാണ് നഗരസഭ വാങ്ങിനൽകിയ ബസുകൾ ജില്ല വിട്ട് ഓടിച്ചതെന്ന് കെ.എസ്.ആർ.ടി.സി വിശദീകരണം നൽകി.നഗരസഭാ തലത്തിൽ ബസുകളുടെ ജി.പി.എസ് പരിശോധിച്ചപ്പോഴാണ് 20 ബസുകളിലധികം കൊല്ലം വരെ സർവീസ് നടത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയത്.ഇനി ഇത്തരത്തിൽ പ്രതിസന്ധിയുണ്ടെങ്കിൽ നഗരസഭയുടെ അനുവാദം വാങ്ങിയശേഷം മാത്രമേ തുടർപ്രവർത്തനങ്ങൾ നടത്തുകയുള്ളൂവെന്നും അധികൃതർ മേയർ ആര്യാ രാജേന്ദ്രനെ അറിയിച്ചു.

ജി.പി.എസ് ഘടിപ്പിക്കും

നിലവിൽ 80 ബസുകളുടെ ജി.പി.എസ് അക്സസ് മാത്രമേ നഗരസഭയ്ക്കുള്ളൂ. ബാക്കിയുള്ള 33 ബസുകളിലെ ജി.പി.എസ് നഗരസഭ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കേന്ദ്രം വഴി ബന്ധിപ്പിക്കാനും ഇന്നലെ നടന്ന യോഗത്തിൽ ധാരണയായി.ബസുകൾ കൈമാറിയപ്പോൾ നഗരസഭയും സ്മാർട്ട് സിറ്റിയും കെ.എസ്.ആർ.ടി.സിയുമായി പ്രത്യേക ത്രികക്ഷി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ കെ.എസ്.ആർ.ടി.സി കരാറൊന്നും പാലിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ ആരോപണം. നഗരത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നുമുള്ള ഇ - ബസുകളും നഗരത്തിന് പുറത്ത് ഓടിച്ചിരുന്നു. ആറ്രിങ്ങൽ,കൊല്ലം റൂട്ടായിരുന്നു കൂടുതൽ. മന്ത്രിതലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റി ഓടിക്കുന്നതെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.പരാതി വന്നത് മുതൽ നഗരസഭ വാങ്ങി നൽകിയ കെ.എസ്.ആർ.ടി.സി ബസുകളുടെ റൂട്ട് നിരീക്ഷണവും നഗരസഭ ശക്തമാക്കി. ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് വഴി നഗരസഭയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കേന്ദ്രം വഴിയാണ് നിരീക്ഷിച്ചിരുന്നത്.റൂട്ട് തെറ്റി ബസ് ഓടിച്ചാൽ കമാൻഡ് കേന്ദ്രം ഉദ്യോഗസ്ഥർ മേയർ തലത്തിൽ റിപ്പോർട്ട് നൽകും.