
തിരുവനന്തപുരം: കോർപ്പറേഷനിലെ വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഈയാഴ്ചയ്ക്കകം തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കോർപ്പറേഷനിൽ ഒരു വാർഡാണ് അധികമായി വരുന്നത്. ക്യൂഫീൽഡ് എന്ന ആപ്പിൽ കോർപ്പറേഷന്റെ വാർഡുകൾ തിരിച്ചുള്ള മാപ്പ് തയ്യാറാക്കുന്നുണ്ട്. സെല്ലിന്റെ ഭാഗമായുള്ള നൂറ് ജീവനക്കാരുടെയും മൊബൈലിൽ ക്യൂഫീൽഡ് ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. അതിനാൽ മാപ്പിംഗ് വേഗത്തിൽ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. ജില്ലാ ഉദ്യോഗസ്ഥൻ അംഗീകരിക്കുന്ന കരട് റിപ്പോർട്ട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കും.ആക്ഷേപങ്ങളുണ്ടെങ്കിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് അന്തിമ നടപടികളിലേക്ക് കടക്കുക.
ബി.ജെ.പിയും യു.ഡി.എഫും ഉന്നയിക്കുന്നതുപോലെ വാർഡുകളുടെ വലിപ്പത്തിനനുസരിച്ച് വിഭജിക്കാൻ ചട്ടപ്രകാരം കഴിയില്ല. തിരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. കൃത്യവും സുതാര്യവുമായി പൊതുജനങ്ങൾക്ക് മനസിലാക്കാവുന്ന വിധമാണ് പ്രവർത്തനം. ജനങ്ങൾക്കും ജീവനക്കാർക്കുമിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ചില രാഷ്ട്രീയകക്ഷികൾ നടത്തുന്ന ദുഷ്‌പ്രചാരണം ജനങ്ങൾ മനസിലാക്കണമെന്നും മേയർ പറഞ്ഞു. അതേസമയം വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി എസ്.ജഹാംഗീറിനെ ബി.ജെ.പി കൗൺസിലർമാർ ഉപരോധിച്ചു. ഇതിനെത്തുടർന്ന് ബി.ജെ.പി കൗൺസിലർമാർ ഇതിനെതിരെ നൽകിയ പരാതിയും നഗരസഭ സെക്രട്ടറി ജില്ലാ കളക്ടർക്ക് കൈമാറുമെന്നും കൗൺസിലർമാരെ അറിയിച്ചു. കൗൺസിലർമാരായ എം.ആർ ഗോപൻ,തിരുമല അനിൽ,വി.ജി ഗിരികുമാർ,പി.അശോക് കുമാർ,മധുസൂധനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.