 ആസ്വാദകരുടെ മനംകവർന്ന് വേദിയെ ഇളക്കിമറിച്ച് മഞ്ജരിയും സംഘവും

തിരുവനന്തപുരം: മഴയിൽ കുതിർന്ന സായാഹ്നത്തിൽ ആസ്വാദക ഹൃദയങ്ങളിൽ പാട്ടുകളുടെ നിലാവായി പിന്നണി ഗായിക മഞ്ജരിയെത്തി.കൗമുദി ടി.വിയുടെ 11-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പാളയം എ.കെ.ജി ഹാളിൽ നടന്ന പരിപാടിയിലാണ് ഗായിക മഞ്ജരിയും സംഘവും സംഗീതത്തിന്റെ കുളർമഴ പെയ്യിച്ചത്. 'ആറ്റികരയോരത്തെ' എന്ന മഞ്ജരിയുടെ മലയാളികൾ ഒരിക്കലും മറക്കാത്ത പാട്ടോടെയായിരുന്നു തുടക്കം.തുടർന്ന് പ്രായഭേദമന്യേ സദസിൽ നിറഞ്ഞിരുന്ന ആസ്വാദകരിലേക്ക് പാട്ടുമായി മഞ്ജരിയും കൂട്ടരും നിറഞ്ഞു.പാട്ടിനൊപ്പം മഞ്ജരി ചുവടുവച്ചതോടെ കാണികളും ആവേശത്തിൽ താളം പിടിച്ചു.

വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുബശ്രീ യൂണിറ്റുകളെ അനുമോദിച്ചത് നിലാവിന്റെ ശോഭ ഇരട്ടിയാക്കി.മികച്ച പ്രവർത്തനം കാഴ്ചവച്ച ആറ് യൂണിറ്റുകളാണ് അനുമോദനം ഏറ്റുവാങ്ങിയത്.മന്ത്രി എം.ബി.രാജേഷ് കുടുംബശ്രീ പ്രതിനിധികൾക്ക് കേരളകൗമുദിയുടെ ഉപഹാരം നൽകി.കൗമുദി ടി.വിയുടെ വാർഷികത്തിൽ കുടുംബശ്രീയെ അംഗീകരിക്കാനും അനുമോദിക്കാനും തയ്യാറായത് മാതൃകാപരമെന്നും മന്ത്രി പറഞ്ഞു.കല്ലിയൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് വേണ്ടി പ്രസിഡന്റ് ലത,സെക്രട്ടറി വനജ,പഴയന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കലവറ ഫുഡ്‌സിനായി നസീല,പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നവജ്യോതി ബഡ്സ് സ്ക്കൂൾ സാന്ത്വനം എം.ഇ യൂണിറ്റ് പ്രസിഡന്റ് രാകേഷ്,അതിയന്നൂരിലെ കിഡ്സ് പാരഡൈസ് ഡേ കെയർ പ്രിൻസിപ്പൽ അംബിക കുമാരി, നേമം എടക്കോട് ആതിര ഹെർബൽസിന് വേണ്ടി ബിന്ദു പള്ളിച്ചൽ, ശാസ്തവട്ടം സ്‌നേഹതീരം ബഡ്സ് സ്ക്കൂൾ ആൻഡ് റീഹാബിലിറ്റേഷന് വേണ്ടി സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, പ്രിൻസിപ്പൽ റോയ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.