കേസ് അവസാനിപ്പിക്കാൻ സമ്മർദ്ദം

തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ഓസ്ട്രേലിയക്കാരൻ ഡോ.ഗണേഷ് ഝാ മോഷ്ടിച്ച ഓട്ടുരുളി ഒടുവിൽ ക്ഷേത്രത്തിലേക്ക്. പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ഫോർട്ട് പൊലീസ് ഇന്നലെ ഓട്ടുരുളി കൈമാറി. നിത്യോപയോഗ സാധനമായതിനാൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അധികൃതർ നൽകിയ അപേക്ഷ പരിഗണിച്ചാണിത്. ക്ഷേത്രം മാനേജർ ഉൾപ്പെടെ ഇന്നലെ ഫോർട്ട് സ്റ്റേഷനിലെത്തി ഓട്ടുരുങ്ങി ഏറ്റുവാങ്ങി.

150വർഷത്തോളം പഴക്കമുള്ള ഓട്ടുരുളിയാണിത്. അതേസമയം കേസ് അവസാനിപ്പിക്കാൻ പൊലീസിനുമേൽ സമ്മർദ്ദം ശക്തമായി. ഓസ്ട്രേലിയൻ എംബസിയുടെ ഇടപെടലോടെ എത്രയുംവേഗം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് തടിയൂരാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ ചെറിയ പിഴ ഒടുക്കാനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ കൂടുതൽ നീട്ടികൊണ്ടുപോകേണ്ടെന്നാണ് നിർദ്ദേശം. ഒറ്റക്കൽമണ്ഡപത്തിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഇന്നലെ പൊലീസ് ചോദ്യംചെയ്തു. കൂടുതൽ നടപടികളൊന്നും ഇനിയുണ്ടാകില്ല.

വിജയദശമി ദിനമായ ഈ മാസം 13ന് രാവിലെ 8നും 9നും ഇടയിലായിരുന്നു ഓസ്ട്രേലിയൻ പൗരൻ ഡോ.ഗണേഷ് ഝാ ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ നിന്ന് തനിക്ക് ഉരുളി മാറികിട്ടിയതെന്നാണ് ഝായുടെ മൊഴി. 18നാണ് ഫോർട്ട് പൊലീസിൽ പരാതിയെത്തിയത്. തുടർന്ന് ഹരിയാനയിൽ നിന്ന് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരിച്ചിറങ്ങുമ്പോഴും പരിശോധന !
നേരത്തെ ക്ഷേത്രത്തിൽ അകത്തേക്ക് പോകുന്ന ഭക്തരുടെ ദേഹപരിശോധനയാണ് നടത്തിയിരുന്നത്. ഇനിമുതൽ പുറത്തിറങ്ങുന്നവരുടെയും ദേഹപരിശോധന കർശനമാക്കും. പ്രസാദവും പൂജാസാധനങ്ങളുമായി പുറത്തിറങ്ങുന്നവരെയെല്ലാം പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നും അധികൃതർ പറയുന്നു.