hi

വെമ്പായം: ഗ്രാമങ്ങളിലെ ചെറുറോഡുകളുൾപ്പെടെ ആധുനിക രീതിയിൽ നവീകരിക്കുമ്പോൾ ദേശീയ പാതയോട് ചേർന്ന മണ്ണന്തല - വെഞ്ഞാറമൂട് റോഡിൽ പതിറ്റാണ്ടുകളായി ഒരു വികസനവും എത്തിനോക്കിയിട്ടില്ല. റോഡിന്റെ പതിനെട്ട് കിലോമീറ്റർ ഭാഗത്ത് വീതി കൂട്ടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. ഇതുകാരണം ഗതാഗതക്കുരുക്കും അപകടവും പതിവാണ്. മണ്ണന്തല മുതൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് പ്രധാനമായും ഗതാഗതസ്തംഭനം ഉണ്ടാകുന്നത്. കേശവദാസപുരത്തു നിന്നാരംഭിക്കുന്ന എം.സി റോഡിൽ മണ്ണന്തല ജംഗ്ഷൻ വരെയാണ് നാലുവരിപ്പാതയുള്ളത്. അതുകഴിഞ്ഞ് വെഞ്ഞാറമൂട് എത്തിയാൽ മാത്രമേ വീണ്ടും നാലുവരിപ്പാതയുള്ളൂ. ഇതിനിടയിലുള്ള വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, പിരപ്പൻകോട് ജംഗ്ഷനുകളിൽ യാത്രക്കാർക്ക് നിത്യവും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട അവസ്ഥയുമുണ്ട്.

വാഹനങ്ങൾ നിറുത്തണം

വട്ടപ്പാറ എൽ.എം.എസ് സ്കൂൾ, ലൂർദ് മൗണ്ട് സ്കൂൾ, കന്യാകുളങ്ങര ഗവൺമെന്റ് ബോയ്സ്, ഗേൾസ് സ്കൂളുകൾ, തൈക്കാട് സ്കൂൾ, പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രി കന്യാകുളങ്ങര താലൂക്ക് ആശുപത്രി, കരകുളം പ്രാഥമികാരോഗ്യകേന്ദ്രം, വട്ടപ്പാറ പൊലീസ് സ്റ്റേഷൻ എന്നിവ ഈ പാതയോരത്താണ്. സ്കൂൾ, ഓഫീസ് സമയങ്ങളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ നിറുത്തിയിടേണ്ട അവസ്ഥയാണ്. തലസ്ഥാനത്തെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കിളിമാനൂർ, കൊട്ടാരക്കര, കോട്ടയം എന്നിവിടങ്ങളിലേക്ക് സർവീസുകൾ പോകുന്ന പാതയുടെ ഭാഗമാണ് അവഗണിക്കപ്പെടുന്നത്.

അപകടവളവുകൾ

അപകടവളവുകളും കുത്തനെയുള്ള വളവുകളും വീതികുറഞ്ഞ ബോർഡും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. വീതികുറഞ്ഞ റോഡിലൂടെ വളവു തിരിഞ്ഞു വരുന്ന വാഹനങ്ങൾ റോഡിന്റെ മറുവശത്തെത്തവേയാണ് അപകടങ്ങളുണ്ടാവുന്നത്. വട്ടപ്പാറ അമ്പലനഗറിലെ വളവ്, കണക്കോട് തണ്ണിപ്പാറ വളവ്, വില്ലേജ് ഓഫീസിന് മുന്നിലെ വളവ്, പിരപ്പൻകോട് ജംഗ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. ഈ വളവുകളിൽ അപകടങ്ങളിൽപ്പെട്ട് നിരവധി വാഹനങ്ങൾ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. വളവുകൾ നിവർത്തി, റോഡിന്റെ വീതികൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി.

പാർക്കിംഗും കച്ചവടവും

അനധികൃത പാർക്കിംഗും റോഡ് കൈയേറിയുള്ള കച്ചവടവും എം.സി റോഡിലെ അപകടങ്ങൾക്ക് കാരണമാണ്. വീതികുറഞ്ഞ ഭാഗങ്ങളിലും ജംഗ്ഷനുകളിലും അലക്ഷ്യമായി വാഹനങ്ങൾ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. റോഡ് കൈയേറിയുള്ള കച്ചവടവും ഗതാഗതകുരുക്കിന് മറ്റൊരു കാരണമാണ്. കന്യാകുളങ്ങര ചന്തയിലും അവസ്ഥ ഇതുതന്നെ. ചന്ത നവീകരിച്ചിട്ടും പാതയോരത്തെ കച്ചവടം തുടരുകയാണ്.