muthalapozhi-harbour

തിരുവനന്തപുരം ജില്ലയുടെ നോവായി മാറിയ മുതലപ്പൊഴി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്. നാലുവർഷം മുൻപാണ് മുതലപ്പൊഴി ഫിഷിംഗ് ഹാർബർ ഇന്നത്തെ രൂപത്തിൽ ജന്മമെടുത്തത്. അന്നുതൊട്ട് ഇന്നേവരെ അപകടങ്ങളും പ്രശ്നങ്ങളും ഒഴിഞ്ഞ ദിവസമുണ്ടായിട്ടില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ വാഗ്ദാനങ്ങളിലൊന്ന് വിഴിഞ്ഞത്തോടൊപ്പം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന്റെയും വികസനം നടപ്പാക്കുമെന്നായിരുന്നു. വിഴിഞ്ഞത്ത് പുലിമുട്ടു നിർമ്മാണത്തിനാവശ്യമായ പാറ മുതലപ്പൊഴിയിൽ കപ്പലിലെത്തിച്ച് അവിടെ നിന്ന് റോഡ് മാർഗ്ഗം എത്തിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ പ്രായോഗിക തടസ്സങ്ങൾ കാരണം പാറ തമിഴ്‌നാട്ടിൽ നിന്നെത്തിക്കുകയാണുണ്ടായത്. മുതലപ്പൊഴി അങ്ങനെ അനാഥ നിലയിലുമായി.

ഇക്കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടങ്ങളിൽ എഴുപതോളം മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. മത്സ്യത്തൊഴിലാളി സംഘടനകളും നാട്ടുകാരുമെല്ലാം അപകടരഹിതമാംവിധം തുറമുഖം പരിരക്ഷിക്കാനുള്ള പദ്ധതിക്കായി ഇതിനകം നടത്താത്ത സമരങ്ങളില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ കേന്ദ്ര ഫിഷറീസ് വകുപ്പു സഹമന്ത്രിയും മലയാളിയുമായ ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഈയിടെ മുതലപ്പൊഴി സന്ദർശിച്ച് കാര്യങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കിയത്. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. ഈ നേതാക്കളുടെ ഇടപെടലിന് ഫലമുണ്ടായെന്നാണ് 177 കോടി രൂപയുടെ മുതലപ്പൊഴി തുറമുഖ വികസന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം സൂചിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ അന്തിമ അനുമതി കൂടി ലഭിച്ചാൽ പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകാനാവും. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും ശേഷിക്കുന്നത് സംസ്ഥാനവുമാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരും തികഞ്ഞ അനുഭാവത്തോടെയാണ് ഈ പദ്ധതിയെ വീക്ഷിക്കുന്നത്.

വാമനപുരം നദിയും കഠിനംകുളം കായലും അറബിക്കടലിൽ സംഗമിക്കുന്ന ഇടമെന്ന നിലയിൽ മുതലപ്പൊഴി പലപ്പോഴും അപകടകരമായ നിലയിലാണ്. മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ യാനങ്ങൾ കടലിലേക്ക് കൊണ്ടുപോകുന്നതിനും തിരിയെ കൊണ്ടുവരാനും പൊഴിമുഖത്തെ അതിശക്തമായ ഒഴുക്കും മറ്റു തടസ്സങ്ങളും തീരാശാപമാണ്. പൊഴിമുഖത്ത് അടിഞ്ഞുകൂടിക്കിടക്കുന്ന പാറകളും മണൽത്തിട്ടകളും മത്സ്യബന്ധന യാനങ്ങൾക്ക് നിത്യഭീഷണിയാണ്. വിഴിഞ്ഞം കരാറിന്റെ ഭാഗമായി മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗും അദാനി കമ്പനി നടത്തേണ്ടതാണെങ്കിലും വലിയ ഉപേക്ഷയാണ് കാണുന്നത്.

കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ മുതലപ്പൊഴി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന വിവിധ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന് ടെൻഡർ ക്ഷണിക്കാനാകും. പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ നടത്തിയ പഠനറിപ്പോർട്ട് ഇതിനകം സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേൽ സംസ്ഥാന ഹാർബർ എൻജിനിയറിംഗ് വിഭാഗം വിശദ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കിയിരുന്നു. കേന്ദ്രത്തിന്റെ അന്തിമ അനുമതി ഇനി വൈകുകയില്ലെന്നു വേണം കരുതാൻ. അതിനായി കേന്ദ്രമന്ത്രിക്കൊപ്പം സംസ്ഥാന സർക്കാരും ഒപ്പമുണ്ടാകണം.

മുതലപ്പൊഴിയിൽ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി നിലവിൽ തെക്കുഭാഗത്തുള്ള ബ്രേക്ക് വാട്ടറിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമുണ്ട്. മണൽ ബൈപാസിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും വേണം. മുതലപ്പൊഴി വികസനത്തിന്റെ ഭാഗമായി പുതിയ വാർഫ്, ലേലഹാൾ, വിശ്രമകേന്ദ്രങ്ങൾ, വാട്ടർ ടാങ്കുകൾ, റോഡുകളുടെയും പാർക്കിംഗ് കേന്ദ്രങ്ങളുടെയും വികസനം, ജല - വൈദ്യുതി ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയും ഏറ്റെടുക്കും. സമയബന്ധിതമായി ഇവയൊക്കെ പൂർത്തിയാക്കുകയെന്നതാണ് വലിയ കടമ്പ. രണ്ടുദിവസം മുൻപും മുതലപ്പൊഴിയിൽ ബോട്ടപകടമുണ്ടായി. മാനുഷിക പ്രശ്നമെന്ന നിലയ്ക്ക് എത്രയും വേഗം പദ്ധതിക്ക് അനുമതി നൽകി നിർമ്മാണം പൂർത്തിയാക്കുകയാണു വേണ്ടത്. കാലം ആർക്കുവേണ്ടിയും കാത്തിരിക്കുകയില്ലെന്ന് ഓർമ്മ വേണം.