culvert

നേമം: തോടിന് കുറുകെയുള്ള പഴയ ബോക്സ് കൾവർട്ട് പൊളിച്ച് പുതിയത് നിർമ്മിക്കുന്ന പണി പാതിയിൽ ഉപേക്ഷിച്ചതോടെ മൂക്കുന്നിമല നിവാസികൾ ദുരിതത്തിൽ. ദേശീയപാതയിൽ പ്രാവച്ചമ്പലം - കാട്ടാക്കട റോഡിൽ അരിക്കടമുക്ക് നിന്ന് ഇടയ്ക്കോട് വഴി മൂക്കുന്നിമലയിലേക്ക് പോകുന്നതിനിടയ്ക്കുള്ള കക്കലാംപാട് തോടിന് കുറുകെയുള്ള കൾവർട്ടിന്റെ പണിയാണ് നിലച്ചത്.

ഇതോടെ ഈ പ്രദേശത്തിന് പുറംലോകവുമായുള്ള ബന്ധമില്ലാതായി.ഇടയ്ക്കോടു നിന്ന് മൂക്കുന്നിമലയിലേക്കുള്ള കുത്തിറക്കമുള്ള ഭാഗത്താണ് കക്കലാംപാട് ബോക്സ് കൾവർട്ടുള്ളത്. ഇവിടെയുണ്ടായിരുന്ന പഴയ കൾവർട്ട് സ്ലാബുകൾ പൊളിഞ്ഞ് നിലംപൊത്താറായതിനാലാണ് 7.5 മീറ്റർ നീളവും 3 മീറ്റർ വീതിയിലുമുള്ള പുതിയ കൾവർട്ട് പണിയാരംഭിച്ചത്. അതിനായി കൾവർട്ടിന്റെ പകുതി ആദ്യം പൊളിച്ച് പണിതു. ബാക്കി പണി നീണ്ടുപോയി. മഴ ശക്തമായതോടെ കൾവർട്ടിന്റെ ബാക്കിയുണ്ടായിരുന്ന ഭാഗവും പൂർണമായും അടർന്ന് തോട്ടിലേക്ക് വീണു.

കടമ്പ കടക്കാൻ

കിഴക്കേകോട്ടയിൽ നിന്ന് പ്രാവച്ചമ്പലം വഴി ഇടയ്ക്കോട് മൂക്കുന്നിമലയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു. കൾവർട്ട് തകർന്നതോടെ ബസ് സർവീസ് നിലച്ചു.കൾവർട്ടിനിരുവശത്തും കുന്നാണ്. നടുക്ക് 300 മീറ്ററോളം നീളത്തിൽ പാടശേഖരവും. പാടം നികത്തിയാണ് ഇരുകരകളെയും ബന്ധിപ്പിക്കുന്ന റോഡ് 40 വർഷം മുൻപ് നാട്ടുകാർ നിർമ്മിച്ചത്. തോടിനോടു ചേർന്ന് 60 വർഷമായി ചായക്കട നടത്തുന്ന 74കാരൻ ശങ്കരൻനായരുടെ കെട്ടിടവും ഏതുനിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. കൾവർട്ട് പണി അടിയന്തരമായി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.