edava-panchayath-vehicle-

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം കട്ടപ്പുറത്താണ് ഇപ്പോൾ. വാഹനം കണ്ടം ചെയ്യണമെന്നുള്ള പഞ്ചായത്തിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് പി.ഡബ്ലിയു.ഡി മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ. കെ.എൽ 16എച്ച് 123എന്ന നമ്പരിലുള്ള മഹീന്ദ്ര ബൊലേറോ ജീപ്പാണ് ഇടവ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം. 2012ൽ വാങ്ങിയ വാഹനം 2024സെപ്തംബർ വരെ 1,90,069കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്. ഈ കാലയളവിൽ വാഹനം റിപ്പയർ ചെയ്ത വകയിൽ പഞ്ചായത്ത്‌ വലിയൊരു തുകയും ചെലവഴിച്ചിട്ടുണ്ട്.

ഇനിയും വാഹനം ഉപയോഗിക്കണമെങ്കിൽ വലിയൊരു തുക പഞ്ചായത്ത് ചെലവഴിക്കണം. അറ്റകുറ്റപ്പണികൾക്കായി 2,74,727രൂപ ആവശ്യമാകുമെന്ന എസ്റ്റിമേറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടം ചെയ്യണമെന്ന് പഞ്ചായത്ത്‌ ആവശ്യപ്പെട്ടത്. ഇതിനായി അനുമതി നൽകണമെന്ന് പി.ഡബ്ല്യു.ഡി മെക്കാനിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് പഞ്ചായത്ത്‌ നൽകി. എന്നാൽ പഞ്ചായത്തിന്റെ ആവശ്യം തള്ളി.

കണ്ടീഷൻ മോശം

കണ്ടീഷൻ മോശമായ വാഹനം മാറ്റണമെന്നുള്ളത് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ആവശ്യപ്പെടുന്നുണ്ട്. ദ്രവിച്ചു നശിച്ച അവസ്ഥയിലാണ് വാഹനമുള്ളത്. വാഹനത്തിനായി വീണ്ടും വലിയൊരു തുക ചെലവഴിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ആകെ ഈ ഒരു വാഹനം മാത്രമാണ് പഞ്ചായത്തിനുള്ളത്. പ്രസിഡന്റും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും മറ്റ് ജീവനക്കാരുമുൾപ്പെടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് ഈ വാഹനമാണ്.

കണ്ടംനേഷൻ നടക്കില്ല

വാഹനം കണ്ടംനേഷനുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ഉപയോഗത്തിനായി വാഹനം ആവശ്യമുള്ള മറ്റേതെങ്കിലും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യണമെന്നും പി.ഡബ്ലിയു.ഡി മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ പറയുന്നു. വാഹനത്തിന്റെ ഇപ്പോഴത്തെ മതിപ്പുവില 1,30,000 രൂപയാണ്. വാഹനത്തിന്റെ ഇപ്പോഴത്തെ കണ്ടീഷനും മോഡലും വിപണിവിലയും പരിഗണിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്. സർക്കാരിന്റെ 2019 ഒക്ടോബർ 16ലെ 45/2019/പി.ഡബ്ലിയു.ഡി ഉത്തരവ് പ്രകാരമാണ് മതിപ്പുവില നിശ്ചയിച്ചിട്ടുള്ളത്. നിലവിലുള്ള വാഹനം പഞ്ചായത്തിന് ഉപയോഗിക്കാൻ കഴിയില്ല. വാഹനം കണ്ടംചെയ്ത ശേഷം പുതിയ വാഹനം വാങ്ങാമെന്ന അധികൃതരുടെ ആഗ്രഹത്തിനും തിരിച്ചടിയായി.

ടാക്സി ശരണം

ഔദ്യോഗിക വാഹനം പലപ്പോഴും കേടായി വഴിയിലാവുകയാണ് പതിവെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നുണ്ട്. രണ്ട് ടയറും പഞ്ചറായ വാഹനം പഞ്ചായത്ത് പടിക്കൽ വിശ്രമിക്കുകയാണ്. ഇതോടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ടാക്സിയിലാണ് യാത്ര.