മുടപുരം: അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. 2008ൽ ആനത്തലവട്ടം ആനന്ദൻ എം.എൽ.എയായിരുന്നപ്പോൾ ഇവിടെ നിർമ്മിച്ച ബസ് കാത്തിരുപ്പുകേന്ദ്രം മൂന്ന് വർഷംമുമ്പ് തകർന്നു വീണു. അതിനുശേഷം പുതിയ കാത്തിരിപ്പ് കേന്ദ്രം ഇവിടെ നിർമ്മിക്കണമെന്ന് അധികാരികളോട് പലപ്പോഴായി യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും നടപ്പായില്ല. നൂറുകണക്കിന് യാത്രക്കാരാണ് രാവിലെ മുതൽ ബസ് യാത്രയ്ക്കായി ഇവിടെയെത്തുന്നത്.
കാത്തിരുപ്പുകേന്ദ്രം ഇല്ലാത്തതിനാൽ മഴയത്തും വെയിലത്തും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
നാലു റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനാണ് ഗണപതിയാംകോവിൽ ജംഗ്ഷൻ. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിത്. ചിറയിൻകീഴ് -മുരുക്കുംപുഴ റോഡിലെ ഈ ജംഗ്ഷനിൽ മാടൻവിളയിൽ നിന്നു വരുന്ന റോഡും കോളിച്ചിറയിൽ നിന്നു വരുന്ന റോഡും സന്ധിക്കുന്നു.
യാത്രക്കാർ വലയുന്നു
നിരവധി കോളേജ് ബസുകളും മുട്ടപ്പലം,മംഗലപുരം,പെരുങ്ങുഴി തുടങ്ങിയ വിവിധ റൂട്ടുകൾ വഴി, മെഡിക്കൽ കോളേജ്, കേശവദാസപുരം,ബൈപാസ് വഴി തിരുവനന്തപുരം, കിഴക്കേകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ അഴൂർ കടവ്, മാടൻവിള പ്രദേശങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരും ഈ ജംഗ്ഷനിൽ എത്തുന്നുണ്ട്. അതിനാൽ വിദ്യാർത്ഥികൾ,സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർ,മറ്റ് തൊഴിലാളികൾ ഉൾപ്പടെ ധാരാളം യാത്രക്കാർ ഇവിടെ ബസ് യാത്രയ്ക്കായി എത്തുന്നുണ്ട്. പുതിയ കാത്തിരുപ്പുകേന്ദ്രം ഉടൻ നിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.