
തിരുവനന്തപുരം: സംസ്ഥാന വിഹിതം മുടങ്ങിയതോടെ ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷന്റെ രണ്ടാംഘട്ട പ്രവർത്തനത്തിന് 12,000 കോടി വായ്പയെടുക്കാൻ അനുമതിതേടി വാട്ടർ അതോറിട്ടി. ഹഡ്കോ, എൽ.ഐ.സി, നബാർഡ് എന്നിവിടങ്ങളിൽ നിന്നാകും വായ്പയെടുക്കുക. ഇതിനായി സർക്കാരിനോട് അനുമതിതേടി അതോറിട്ടി എം.ഡി ജീവൻ ബാബു ജലവിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
പദ്ധതിയിൽ 50% വീതമാണ് സംസ്ഥാന, കേന്ദ്ര വിഹിതം. രണ്ടാംഘട്ടത്തിന് സംസ്ഥാന വിഹിതം കിട്ടാത്തതിനാൽ കേന്ദ്ര വിഹിതവും ലഭ്യമായിട്ടില്ല. വായ്പയെടുക്കുന്നതോടെ ഇത് ലഭ്യമാകും.
ആദ്യഘട്ടത്തിൽ 5152.51 കോടി സംസ്ഥാന വിഹിതവും 5610.30 കോടി കേന്ദ്ര വിഹിതമായും ലഭിച്ചിരുന്നു. ഇതിലൂടെ 104 വില്ലേജുകളിലായി 59,770 കിലോമീറ്ററിൽ പൈപ്പുലൈൻ സ്ഥാപിച്ചു. 2019ലാണ് പദ്ധതി തുടങ്ങിയത്. 2023 മാർച്ചിൽ പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും 2025വരെ നീട്ടി. രണ്ടുവർഷത്തേക്ക് കൂടി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
വായ്പ 20 വർഷത്തേക്ക്
തിരിച്ചടവ് 185 കോടി
9.2% പലിശയ്ക്ക് 20 വർഷത്തേക്കാണ് 12,000 കോടി വായ്പയെടുക്കുന്നത്.
രണ്ടുവർഷം മോറട്ടോറിയം കാലാവധി. അതിനുശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി.
പ്രതിമാസ തിരിച്ചടവിന് വേണ്ടത് 185 കോടി. പദ്ധതിയിൽ ഗുണഭോക്താക്കളായവരിൽ നിന്ന് വാട്ടർചാർജായി ലഭിക്കുന്ന തുകയിൽ നിന്ന് ഇത് കണ്ടെത്താനാകുമെന്നാണ് വാട്ടർ അതോറിട്ടി പ്രതീക്ഷ
ബി.പി.എൽ കുടുംബത്തിന് സൗജന്യമാണ്. മറ്റുള്ളവർക്ക് പ്രതിമാസനിരക്ക് 129 രൂപ. എന്നാൽ, ഇതിൽ നിന്നുകിട്ടുന്ന വരുമാനത്തിൽ നിന്നുമാത്രം തിരിച്ചടവ് തുക കണ്ടെത്താനാകുമോ എന്ന സംശയം ഉയരുന്നു
44,714.78 കോടി
ആകെ പദ്ധതിച്ചെലവ്
10,762.83 കോടി
ഇതുവരെ ചെലവായത്
71.5 ലക്ഷം
പദ്ധതിയിലെ ആകെ കുടുംബങ്ങൾ
20 ലക്ഷം
ഇതുവരെ കണക്ഷൻ നൽകിയത്
51.5 ലക്ഷം
ഇനി നൽകേണ്ടത്
1,20,268 കി.മീറ്റർ
ആകെ പൈപ്പ് ലൈൻ ഇടേണ്ടത്
59,770 കി.മീറ്റർ
ഇതുവരെ സ്ഥാപിച്ചത്
''കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വാട്ടർ അതോറിട്ടി. വായ്പയെടുക്കുന്നത് ബാദ്ധ്യത കൂട്ടും. സ്വകാര്യ മേഖലയ്ക്ക് കടന്നുവരാനുള്ള സാഹചര്യവുമൊരുങ്ങും. ഇതിനെതിരെ സമരം സംഘടിപ്പിക്കും
-പി.ബിജു, ജനറൽ സെക്രട്ടറി,
കെ.ഡബ്ല്യു.എ.എസ്.എ (ഐ.എൻ.ടി.യു.സി)