
പൂവാർ: കാലാവസ്ഥ വ്യതിയാനവും കള്ളക്കടൽ പ്രതിഭാസവും കാരണം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ തീരദേശ വാസികൾ ദുരിതത്തിലായി. കാറ്റും മഴയും കടൽക്ഷോഭവും ശക്തമായതോടെ ദുരന്തനിവാരണ അതോറിട്ടി കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകിയതോടെ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. കടൽക്ഷോഭം മൂലം പ്രദേശത്തെ വീടുകളിലും വെള്ളം കയറി. കരുംകുളം, കുളത്തൂർ, പൂവാർ, കോട്ടുകാൽ പഞ്ചായത്തുകളിലായി പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശ വാർഡുകളിലാണ് ദുരിതം വിതച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ ലഭ്യതക്കുറവും യന്ത്രോപകരണങ്ങൾ, ഇന്ധനം എന്നിവയുടെ അടിക്കടിയുള്ള വിലക്കയറ്റവും തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. പ്രകൃതിക്ഷോഭം അലട്ടുമ്പോൾ അടിയന്തര സേവനമുറപ്പാക്കാൻ സുരക്ഷാസേനയെ വിന്യസിക്കണമെന്ന ആവശ്യം നാളിതുവരെ നടപ്പാക്കിയിട്ടില്ല.
ട്രോളിംഗ് നിരോധനം കഴിഞ്ഞെന്ന് ആശ്വസിക്കുമ്പോഴാണ് പ്രകൃതി കലിതുള്ളി നാശം വിതയ്ക്കുന്നത്. ബാദ്ധ്യതകളിൽ കുടുങ്ങുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
പ്രഖ്യാപനം വാഗ്ദാനങ്ങളിലൊതുങ്ങി
മോശം കാലാവസ്ഥ പ്രദേശവാസികളെ തീരാദുരിതത്തിലാക്കിയിട്ടും ഇതിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. പണിയില്ലാതായ തൊഴിലാളികൾക്ക് അടിയന്തര സഹായം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയാറായിട്ടില്ല. പ്രകൃതിക്ഷോഭത്തിൽ നശിച്ച മത്സ്യബന്ധന ഉപകരണങ്ങൾക്കും യാനങ്ങൾക്കും പകരം നൽകാൻ നടപടി സ്വീകരിച്ചിട്ടില്ല. പലിശരഹിത വായ്പകൾ ഉറപ്പാക്കി മത്സ്യത്തൊഴിലാളികളെ കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്ന നേതാക്കളുടെ ആവശ്യം പോലും അധികൃതർ ചെവിക്കൊള്ളുന്നില്ല.
കടക്കെണിയിൽ മുങ്ങിത്താന്ന്
ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തും തൊഴിലാളികൾ കടത്തിൽ മുങ്ങിക്കഴിഞ്ഞു. വട്ടിപ്പലിശക്കാരിൽ നിന്ന് കടമെടുത്തവരും കുറവല്ല. ബ്ലേഡ് മാഫിയകളെ ഭയന്ന് വീടിന് പുറത്തിറങ്ങാത്തവരുമുണ്ട്. കടലിനെ ആശ്രയിക്കുന്ന സ്ത്രീത്തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടതോടെ നിത്യചെലവുകൾക്കും വഴിയില്ലാതായി. ഇതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. സ്വജീവനും കുടുംബാംഗങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനിടയിൽ മത്സ്യബന്ധന ഉപകരണങ്ങൾ സംരക്ഷിക്കാൻ കഴിയാറില്ല. പ്രകൃതിക്ഷോഭം ശക്തമാകുമ്പോൾ തീരത്തടുക്കിയ യാനങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുന്നു. സർക്കാർ ഇവയ്ക്ക് നൽകുന്നത് ചെറിയൊരു നഷ്ടപരിഹാരമാണ്. എന്നാൽ അതുപോലും സമയബന്ധിതമായി ലഭിക്കുന്നില്ല.
പ്രതികരണം
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പണി നഷ്ടപ്പെട്ടവർക്കും കടൽക്ഷോഭത്താൽ ദുരിതമനുഭവിക്കുന്നവർക്കും സർക്കാർ അടിയന്തരസഹായം സമയബന്ധിതമായി ഉറപ്പാക്കണം.
അടിമലത്തുറ ഡി.ക്രിസ്തുദാസ്,
താലൂക്ക് സെക്രട്ടറി,
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ