
നെയ്യാറ്റിൻകര: മാരായമുട്ടത്ത് പൊലീസുകാരായ സഹോദരങ്ങൾ വൃദ്ധയുടെ വീട് പൊളിച്ച് സ്ഥലം കൈയേറി റോഡ് നിർമ്മിക്കാൻ ശ്രമിച്ചതായി പരാതി. പറക്കോട്ടുകോണത്ത് ഗ്ലോറി(60)യുടെ വീടാണ് തകർത്തത്. വീടിനു സമീപത്തെ തടിമില്ലിൽ ഗ്ലോറി ജോലിക്കുപോയ സമയത്താണ് വീട് തകർത്തതെന്നാണ് പരാതി. മേൽക്കൂരയും വീട്ടുസാമഗ്രികളും സമീപത്ത് വലിച്ചെറിഞ്ഞ നിലയിലാണ്. സംഭവത്തിൽ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഗ്ലോറിയുടെ ഭർത്താവിന്റെ സഹോദരി കുഞ്ഞമ്മയുടെ(84) ഉടമസ്ഥതയിലുള്ളതാണ് ഗ്ലോറി താമസിക്കുന്ന 24 സെന്റ് സ്ഥലവും വീടും. കഴിഞ്ഞ 12 വർഷമായി ഗ്ലോറിയും ഭർത്താവും ഇവിടെയാണ് താമസം. ഈ സ്ഥലം റോഡിനുവേണ്ടി ആവശ്യപ്പെട്ട് പൊലീസുകാരായ സഹോദരങ്ങളുമായി മുമ്പും തർക്കമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞമാസം റിട്ടേ. എക്സൈസ് ഉദ്യോഗസ്ഥൻ കൂടിയായ ഗ്ലോറിയുടെ ഭർത്താവ് മരിച്ചു. ഇതോടെ വീണ്ടും തർക്കം തുടർന്നു. ഗ്ലോറിയും കുഞ്ഞമ്മയും മാരായമുട്ടം പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടു. ഇതിന് പിന്നാലെയാണ് വീട് തകർത്തത്. സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി, തിരുവനന്തപുരം റൂറൽ എസ്.പി, എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ, ഡി.ജി.പി തുടങ്ങിയവർക്ക്
പരാതി നൽകി.