തിരുവനന്തപുരം: ഹാഷിഷ് ഓയിൽ വില്പന നടത്തിയ കേസിൽ വിചാരണ നേരിടുന്ന മൂന്ന് പ്രതികൾക്കും 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാറിന്റേതാണ് ഉത്തരവ്.
തമിഴ്നാട് തൂത്തുക്കുടി നാലാം തെരുവിൽ ഭൂപാലരായർപുരം വീട്ടിൽ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി തങ്കമണി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50), ഇടുക്കി തങ്കമണി കൽവരിമാണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറ താമസം ടി.എൻ.ഗോപി (74) എന്നിവരെയാണ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം വീതം കഠിന തടവും അനുഭവിക്കണം.
2018 സെപ്തംബർ 1നാണ് സംഭവം. അട്ടക്കുളങ്ങര കല്യാൺ സിൽക്സിന്റെ പാർക്കിംഗ് ഏരിയയുടെ എതിർവശത്തു വച്ച് മാലിദ്വീപ് സ്വദേശികൾക്ക് വില്പന നടത്താനെത്തിച്ച 6.360 കിലോ ഹാഷിഷ് ഓയിലുമായാണ് ഇവരെ പിടികൂടിയത്. ഒന്നും രണ്ടും പ്രതികൾ 6 വർഷമായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. മൂന്നാം പ്രതിക്ക് 5 കൊല്ലത്തിനു ശേഷം താത്കാലിക ജാമ്യം ലഭിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി.റെക്സ്, അഭിഭാഷകരായ സി.പി. രഞ്ചു, ജി.ആർ. ഗോപിക, പി.ആർ. ഇനില രാജ് എന്നിവർ ഹാജരായി.