തിരുവനന്തപുരം: സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ അതേനാണയത്തിൽ തിരിച്ചടിച്ചാണ് ഗവർണർ സർക്കാരിനെ വെട്ടിലാക്കിയതെന്ന് കെ. മുരളീധരൻ. അദ്ധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത,ശമ്പളകുടിശിക,സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാരിനെതിരെ കെ.പി.സി.ടി.എ,ജി.സി.ടി.ഒ,കെ.പി.സി.എം.എസ്.എ സംഘടനകൾ സംയുക്തമായി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം ആകെ കുത്തഴിഞ്ഞ രീതിയിലാണ്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മാത്രമല്ല,ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യം മൂലം പല ജീവനക്കാരുടെയും ജീവൻ പോലും അപകടത്തിലായ അവസ്ഥ ഇതിന് ഉദാഹരണമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ,ഡോ. ഗ്ലാഡ്സ്റ്റൺ രാജ്,ദിനേശൻ കെ.ടി,ഡോ.പ്രേമചന്ദ്രൻ കീഴോത്ത്,ഫസിൽ അഹമ്മദ്,സ്റ്റാലിൻ രാജഗിരി,ഡോ. ആൽസൺ മാർട്,ഡോ. ഷിനിൽ ജെയിംസ് എന്നിവർ സംസാരിച്ചു.