photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ സൂര്യകാന്തി പട്ടികജാതി കോളനിയിൽ സാംസ്കാരിക നിലയം ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വർഷം തികഞ്ഞെങ്കിലും ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2018-19 കാലയളവിൽ സൂര്യകാന്തി എസ്.സി കോളനി നവീകരണവും ജനറൽ കേന്ദ്രം നിർമ്മാണവും എന്ന പദ്ധതിക്ക് ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക നിലയം നിർമ്മിച്ചത്. 2020 സെപ്തംബർ 17ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ പങ്കെടുത്തിരുന്നു. എന്നാൽ സാംസ്കാരിക നിലയം തുറന്ന് പ്രവർത്തിപ്പിക്കാൻ മാത്രം ആരും മുൻകൈ എടുത്തില്ല. തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി പുതിയ ആളുകൾ വന്നെങ്കിലും സ്ഥിതി അതുതന്നെ. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാനും ലൈറ്റും സ്ഥാപിച്ചെങ്കിലും വൈദ്യുതിയും വെള്ളവും ഇതുവരെ ലഭിച്ചിട്ടില്ല. വൈദ്യുതി കണക്ഷനായി സ്ഥാപിച്ച മീറ്റർ ബോർഡ് ഇപ്പോഴും പഴയപടിതന്നെ. സാധാരണക്കാരായ മുപ്പതോളം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. കോളനി നിവാസികളുടെ വിവിധ ചടങ്ങുകൾ നടത്തുന്നതിനും കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കെട്ടിടം പണിതത്. സർക്കാർ പദ്ധതിയായ പഠനമുറി ഒരുക്കാമെന്നിരിക്കെ ഒന്നും ചെയ്യാതെ നോക്കുകുത്തിയായി ഇവിടം മാറി.

കെട്ടിടം തുറക്കുന്നുണ്ട്

സാംസ്കാരിക നിലയത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന പ്രദേശവാസി തന്റെ സ്വന്തമാവശ്യങ്ങൾക്ക് മാത്രമാണ് ഇവിടം തുറക്കുന്നത്.

രജിസ്ട്രേഷനില്ലാ വിവാഹം

2 വർഷം മുൻപ് സൂര്യകാന്തി സാംസ്കാരിക നിലയത്തിൽ നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനാവാതെ ദമ്പതികൾ. വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാനായി അക്ഷയ സെന്ററുകൾ തോറും കയറിയിറങ്ങുകയാണിവർ. അക്ഷയ സെന്ററിലെ സെർവറിൽ സൂര്യകാന്തി സാംസ്കാരിക നിലയം ലിസ്റ്റ് ചെയ്യാത്തതാണ് കാരണം. അതിനാൽ അപേക്ഷ നൽകാൻ പോലും കഴിഞ്ഞിട്ടില്ല. വിവാഹക്ഷണക്കത്തിൽ സാംസ്കാരിക നിലയത്തിന്റെ പേര് അച്ചടിച്ചതിനാൽ മാറ്റി നൽകാനും കഴിഞ്ഞില്ല. നേരിട്ട് അപേക്ഷ നൽകാൻ അപേക്ഷയോടൊപ്പം സാക്ഷ്യപത്രം നൽകാനും ആളില്ല.

നടപടി സ്വീകരിക്കും

സാംസ്കാരിക നിലയം തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കെട്ടിടത്തിന്റെ താക്കോൽ അധികൃതരെ ഏൽപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായും സാംസ്കാരിക നിലയത്തെ അക്ഷയ സെന്ററിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പ്രതികരണം

സൂര്യകാന്തിയിലെ സാംസ്കാരിക നിലയം പോലെ വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കിയ പന്നിയോട്ട് കടവ് സാംസ്കാരിക നിലയത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സോഫി തോമസ്

ജില്ലാ പഞ്ചായത്തംഗം