
നെടുമങ്ങാട്: കനത്ത മഴയിൽ നെടുമങ്ങാട് താലൂക്കിലെ 7 വീടുകൾ ഭാഗികമായി തകർന്നു.ഉഴമലയ്ക്കൽ,ആര്യനാട് വില്ലേജുകളിലും നെടുമങ്ങാട് നഗരസഭ പരിധിയിലുമാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്.ചുമരുകളിൽ വിള്ളൽ വീണും മേൽക്കൂര തകർന്നുമാണ് മിക്ക വീടുകൾക്കും കേടുപാടുണ്ടായത്.വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.മലയോരത്ത് രണ്ട് ദിവസമായി തോരാമഴയാണ്.കരമനയാറും വാമനപുരം നദിയും കിള്ളിയാറും താഴ്ന്ന പ്രദേശങ്ങളിൽ കരകവിഞ്ഞൊഴുകുന്നുണ്ട്.അരുവിക്കര ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും ഇന്നലെ ഉച്ചയോടെ തുറന്നു.നദീതീരവാസികൾ ജാഗ്രത പുലർത്തണമെന്നും മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും താലൂക്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.