തിരുവനന്തപുരം: പേട്ട സ്റ്റേഷൻ പരിധിയിൽ മണിചെയിൻ മാതൃകയിൽ 3 കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. പേട്ടയിൽ പ്രവർത്തിച്ചിരുന്ന എ.എസ്.കെ എക്സ്പോർട്ടിംഗ് ആൻഡ് ഇംപോർട്ടിംഗ് ഗ്രൂപ്പിൽ ബിസിനസ് പാർട്ണറാക്കാമെന്നും പണം നിക്ഷേപിച്ച് വൻതുക ലാഭവിഹിതം നേടാമെന്നും വിശ്വസിപ്പിച്ച് നിരവധിപേരെ കബളിപ്പിച്ച കേസിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. തട്ടിപ്പിന്റെ വ്യാപ്‌തി വർദ്ധിച്ചു വരുന്നതിനാലും പരാതിക്കാർ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരും ആയതിനാലാണിത്. ഇതുസംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും.
പുതിയതായി മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. അതേസമയം സ്ഥാപനത്തിന്റെ എം.ഡിയടക്കമുള്ള പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഒന്നരക്കോടി രൂപ നഷ്‌ടപ്പെട്ട വക്കം സ്വദേശിയുടെ പരാതിയിൽ രണ്ട് മാനേജിംഗ് പാർട്ണർമാർക്കും മാനേജർക്കുമെതിരെ പേട്ട പൊലീസ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യം വാർത്തയായതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.കടയ്ക്കാവൂർ സ്വദേശി ആകാശാണ് പ്രധാന പ്രതി.2022 മുതലാണ് പ്രതികൾ നിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്. മാസംതോറും വമ്പൻ ലാഭം കിട്ടുമെന്നായിരുന്നു പ്രലോഭനമെന്നാണ് പരാതിക്കാരുടെ മൊഴി. വലിയ നിക്ഷേപം നടത്തുന്ന വ്യക്തികൾക്ക് കമ്പനിയുടെ പാർട്ണർഷിപ്പിൽ പങ്കാളിത്തവും ഇവർ വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ഉറപ്പുനൽകിയിരുന്ന സമയത്തിനു ശേഷവും ലാഭം കിട്ടാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.