
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഡിസംബർ 3ന് വാണിജ്യ തുറമുഖമായി പ്രഖ്യാപിക്കും. ആദ്യഘട്ടത്തിന്റെ നിർമ്മാണ കരാർ അവസാനിക്കുന്നത് അന്നാണ്. തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം കിട്ടുന്നതിനനുസരിച്ച് നടത്തും.
തുറമുഖത്ത് ജൂലായ് മുതൽ നടത്തുന്ന ട്രയൽ റൺ വിജയമാണ്. ഈ കാലയളവിൽ മുക്കാൽ ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. ട്രയൽ റണ്ണിൽ ലോകത്തെ മുൻനിര ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളാണ് എത്തിയത്. വാണിജ്യ തുറമുഖമായി പ്രഖ്യാപിച്ച ഉടൻ ചെന്നെെ ഐ.ഐ.ടിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം.
ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ആവശ്യമായ ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്ലിംഗ് പ്രൊഡക്ടിവിറ്റി, ക്വേ ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയവയിൽ ആഗോള നിലവാരം ഉറപ്പാക്കാനാണ് ട്രയൽ നടത്തിയത്.
ഇതുവരെ ലഭിച്ച
അനുമതികൾ
വാണിജ്യ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനായി എൻ.എസ്.പി.സി ക്ലിയറൻസ്, പോർട്ട് ഫെസിലിറ്റി ഇന്റർനാഷണൽ കോഡ്, കസ്റ്റംസ് ആക്ട് പ്രകാരമുള്ള അംഗീകാരങ്ങൾ, ലൊക്കേഷൻ കോഡ്,കസ്റ്റോഡിയൻഷിപ്പ് എന്നിവ ലഭിച്ചു. ഇലക്‌ട്രോണിക് ഡാറ്റ ഇന്റർചേഞ്ച്, കസ്റ്റോഡിയൻ കോഡ്, ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് (ഐ.സി.പി) ക്ലിയറൻസ് എന്നിവയ്ക്കായി കാത്തിരിക്കുന്നു.