
തിരുവനന്തപുരം: പേരൂർക്കടയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ വീണ്ടും പൊട്ടൽ. ഇന്നലെ രാവിലെ 5.30ഓടെയാണ് അമ്പലമുക്ക് സാന്ത്വന ജംഗ്ഷനു സമീപം 400 എം.എം പ്രമോ പൈപ്പിൽ പൊട്ടലുണ്ടായത്. വെള്ളം ചീറ്റിത്തെറിച്ചതോടെ പുതുതായി ടാർ ചെയ്ത റോഡിലെ മിക്ക ഭാഗങ്ങളും പൊളിഞ്ഞിളകി. തുടർന്ന് രാവിലെ തന്നെ വാട്ടർ അതോറിട്ടി അധികൃതർ വാൽവടച്ച് ജലവിതരണം നിറുത്തിവയ്ക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികൾ തുടരുകയാണെന്നും ഇന്ന് രാവിലെ 6 മണിയോടെ ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്നും അധികൃതർ പറഞ്ഞു. അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ ജലവിതരണം ഇതിനോടകം നിറുത്തിവച്ചിരിക്കുകയാണ്. അമ്പലമുക്കിൽ സ്ഥിരമായി പൊട്ടുന്ന ഭാഗത്തുതന്നെയാണ് ഇത്തവണയും പൊട്ടിയിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന പൈപ്പ് പൊട്ടലുകളെ തുടർന്ന് താറുമാറായ റോഡ് അടുത്തിടെയാണ് ടാർ ചെയ്ത് വീണ്ടും ഗതാഗത യോഗ്യമാക്കിയത്. അതാണ് ഇന്നലെയുണ്ടായ പൈപ്പ് പൊട്ടലിൽ വീണ്ടും തകർന്നത്. വെള്ളം ഉയരത്തിൽ ചീറ്റിത്തെറിച്ചതോടെ റോഡിൽ പലയിടത്തും ടാറും മെറ്റലുമിളകി വലിയ കുഴികൾ രൂപപ്പെട്ടു. പേരൂർക്കടയിൽ നിന്ന് മൺവിളയിലേക്കും പരുത്തിപ്പാറയിലേക്കുമുള്ള പ്രധാന പൈപ്പ് ലൈനുകൾ ഇതുവഴിയാണ് പോകുന്നത്. ഈ രണ്ട് പൈപ്പ് ലൈനുകൾക്കും 60 വർഷത്തിനുമേൽ കാലപ്പഴക്കമുണ്ട്. കോൺക്രീറ്റ് പൈപ്പായതിനാൽ വലിയ മർദ്ദം താങ്ങാൻ ഈ പൈപ്പുകൾക്കാവില്ല. ഇതുമൂലം അടിക്കടി പൊട്ടലും ചോർച്ചയുമുണ്ടാവുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അമ്പലമുക്കിൽ നിന്ന് മുട്ടട വരെയുള്ള പൈപ്പ് ലൈൻ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നടപടി നീളുകയായിരുന്നു. എന്നാൽ, ഈ ഭാഗത്ത് പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടിയായിട്ടുണ്ടെന്നും പണി വൈകാതെ തുടങ്ങുമെന്നും വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി.