തിരുവനന്തപുരം: വിഴിഞ്ഞത്ത് പുലിമുട്ട് നിർമ്മിക്കുന്ന പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങിയിട്ട് ഒന്നര വർഷം കഴിയുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാർബർ എൻജിനിയറിംഗ് വകുപ്പ് സമർപ്പിച്ച വിശദമായ പദ്ധതിക്ക് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിലവിലുള്ള പുലിമുട്ടിനോടു ചേർന്നാണ് പുതിയ പുലിമുട്ട് നിർമ്മിക്കാൻ പദ്ധതി സമർപ്പിച്ചത്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ കീഴിൽ നടത്തിയ പഠനത്തിലാണ് പുലിമുട്ടിന് നീളം കൂട്ടണമെന്ന പദ്ധതി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തത്.
ശക്തമായ തിരമാലകളുള്ള ഇവിടെ പുലിമുട്ട് സ്ഥാപിച്ചാൽ അത് ആശ്വാസമാകും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകാത്തതെന്നാണ് ആക്ഷേപം.
പുലിമുട്ട് നിർമ്മാണം
വിഴിഞ്ഞം തുറമുഖത്തിനടുത്തുള്ള ഫിഷിംഗ് ഹാർബറിൽ നിലവിൽ 500 മീറ്റർ നീളമുള്ള പുലിമുട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 273 മീറ്റർ അധികം പുലിമുട്ട് നിർമ്മിക്കാനായിരുന്നു പദ്ധതി.
45 ചരുവിലാണ് പുലിമുട്ട് നിർമ്മിക്കേണ്ടത്
ശക്തമായ തിരയടി
കാലവർഷത്തിൽ മത്സ്യബന്ധന തുറമുഖത്തേക്ക് ശക്തമായ തിരയടിയാണ്. ഇതുകാരണം ഹാർബർ മൗത്ത് വഴി വള്ളങ്ങൾക്ക് വന്നുപോകാൻ പലപ്പോഴും സാധിക്കാറില്ല
ഹാർബർ മൗത്തിൽ മുതലപ്പൊഴി ഹാർബറിലേതുപോലെ മണൽ വലിയ രീതിയിൽ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇതുകാരണം വള്ളങ്ങൾ മറിഞ്ഞ് അപകടം പതിവാകുന്നു
കൂടുതൽ വള്ളങ്ങൾ അപകടമില്ലാതെ
മുതലപ്പൊഴി ഹാർബർ വഴി മത്സ്യബന്ധനത്തിന് പോകുമ്പോൾ അപകടസാദ്ധ്യതയുള്ളതിനാൽ അവിടെയുള്ളവരും മറ്റും വിഴിഞ്ഞത്ത് വന്നാണ് മത്സ്യബന്ധനത്തിന് പോകുന്നത്.പുലിമുട്ട് നിർമ്മാണം പൂർത്തിയായാൽ കൂടുതൽ വള്ളങ്ങൾക്ക് ശക്തമായ തിരയടിൽപ്പെടാതെ മത്സ്യബന്ധനത്തിന് പോകാൻ സാധിക്കും.
പദ്ധതിത്തുക - 110 കോടി
ഫിഷിംഗ് ഹാർബറിന് കേന്ദ്രം കനിയണം
വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനും കേന്ദ്രം കനിയണം.73 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കണമെന്നാണ് ആവശ്യം.
ഇതിന്റെ പരിശോധന നടക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനും പഴയ ഹാർബറിനും ഇടയിലുള്ള സ്ഥലത്താണ് ഹാർബർ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഹാർബർ നിർമാണത്തിനു 140 കോടിയും പുലിമുട്ട് നിർമാണത്തിന് 110 കോടിയും ഉൾപ്പെടെ 250 കോടി രൂപ ചെലവു വരും. ഇത് സംസ്ഥാന സർക്കാർ വഹിക്കണം.