തിരുവനന്തപുരം: റവന്യു ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യദിനം കനത്ത മഴയിലും ആവേശം തോരാത്ത കൗമാരക്കുതിപ്പ്.

മഴ രസംകൊല്ലിയായ ആദ്യദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ഏഴ് പോയിന്റുമായി വർക്കല ഉപജില്ലയാണ് മുന്നിൽ. മൂന്ന് പോയിന്റുമായി നെടുമങ്ങാടാണ് രണ്ടാം സ്ഥാനത്ത്.

തിമിർത്ത് പെയ്‌ത മഴ തോരാതിരുന്നതിനാൽ രാവിലെ ഒമ്പതിന് തുടങ്ങേണ്ട മത്സരങ്ങൾ ഉച്ചയ്ക്ക് 12.30നാണ് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ആരംഭിച്ചത്. അതിരാവിലെ കാര്യവട്ടത്ത് എത്തിയ താരങ്ങളും രക്ഷിതാക്കളും അദ്ധ്യാപകരും മഴയിൽ വലഞ്ഞു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ആദ്യദിനത്തെ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കപോലുമുണ്ടായി.

പെരുമഴയിലും സ്‌പോർട്സ് സ്‌കൂളുകളായ ജി.വി.രാജ, അയ്യങ്കാളി,സായി എന്നിവിടങ്ങളിലെ കുട്ടികൾ തിളങ്ങിയപ്പോൾ സർക്കാർ സ്‌കൂളുകളിലെ താരങ്ങൾക്ക് അടിതെറ്റി.ഇന്നലത്തെ ഫൈനലുകളിൽ ജി.വി രാജയുടെ ആധിപത്യമായിരുന്നു. കായികമേളയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

ഫെമിക്സ് റിജേഷ് വേഗരാജാവ്

സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ 12.72 സെക്കൻഡിൽ സുവർണ ഫിനിഷ് നടത്തി ജി.വി.രാജയുടെ രഹ്ന രഘു വേഗറാണിപ്പട്ടം സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 11.03 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ട ജി.വി.രാജയുടെ ഫെമിക്സ് റിജേഷ് കായികമേളയിലെ ഏറ്റവും വേഗമേറിയ താരമായി പൊന്നണിഞ്ഞു. ജൂനിയർ വിഭാഗം 100 മീറ്ററിൽ സായിയുടെ അനന്യ സുരേഷും അയ്യങ്കാളി മെമ്മോറിയൽ സ്‌കൂളിലെ രോഹിത് രാജും സ്വർണം നേടി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളിൽ ജി.വി.രാജയുടെ സായൂജിനും പെൺകുട്ടികളിൽ അനുഗ്രഹ പി.ജെക്കുമാണ് സ്വർണം.

പ്രതിഷേധം അനുനയം

മഴമൂലം ത്രോ ഇനങ്ങൾ മാറ്റിവയ്ക്കുകയാണെന്ന് സംഘാടകർ അറിയിച്ചതോടെ ഒരുവിഭാഗം രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായെത്തി. അതിരാവിലെ മുതൽ മത്സരങ്ങൾക്കായി കാത്തിരിക്കുന്നവർ ഇനി എന്ത് ചെയ്യുമെന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം. മഴയിൽ ത്രോ ഇനങ്ങൾ നടത്താൻ കഴിയില്ലെന്നും ഇന്ന് രാവിലെ മത്സരങ്ങൾ പൂർത്തിയാക്കുമെന്നുമുള്ള സംഘാടകരുടെ ഉറപ്പിന്മേലാണ് പ്രതിഷേധം തണുത്തത്. പെരുമഴയത്ത് 2 കിലോമീറ്റർ ദൂരെയുള്ള ഭക്ഷണ കേന്ദ്രത്തിലേക്ക് വാഹനം ക്രമീകരിക്കാത്തതിലും പ്രതിഷേധമുയർന്നു.