
തിരുവനന്തപുരം: മലയാളം, എം,ജി സർവകലാശാലകളിലൊഴികെ എല്ലായിടത്തും വി.സിമാരുടെ ചുമതലയിൽ ഗവർണർ സ്വന്തമായി നിയമനം നടത്തിയതോടെ ,വാഴ്സിറ്റികളിൽ സർക്കാരിന്റെ പിടി അയയുന്നു.
അടുത്തിടെ കാലിക്കറ്റ്, കുസാറ്റ് വാഴ്സിറ്റികളിലും സർക്കാരിന്റെ പാനൽ തള്ളിയാണ് വി.സിയുടെ ചുമതല നൽകിയത്. സർക്കാരിന്റെ ഇഷ്ടക്കാർ വി.സിയല്ലാതാവുന്നതിനാൽ വഴി വിട്ട കാര്യങ്ങൾ വാഴ്സിറ്റികളിൽ നടത്താനാവില്ല. കേരള വാഴ്സിറ്റിയിൽ സെനറ്റിലേക്കുള്ള വിദ്യാർത്ഥി തിരഞ്ഞെടുപ്പ് വി.സി തടഞ്ഞതും, ചില അദ്ധ്യാപകരുടെ വഴിവിട്ട സ്ഥാനക്കയറ്റങ്ങൾക്ക് തടയിട്ടതും ഉദാഹരണം.
കേരള വാഴ്സിറ്റിയിൽ ഡോ.മോഹനൻ കുന്നുമ്മേൽ പദവിയൊഴിഞ്ഞ ശേഷം പല സുപ്രധാന കാര്യങ്ങളുടെയും അജൻഡ സിൻഡിക്കേറ്റിലെത്തിക്കാൻ ഇടതംഗങ്ങൾ കാത്തിരുന്നതാണ്. പക്ഷേ സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡോ.മോഹനൻ കുന്നുമ്മേലിന് ആരോഗ്യ വാഴ്സിറ്റി വി.സിയായി പുനർനിയമനവും, കേരളയുടെ അധികചുമതലയും നൽകി. നാളെ കാലാവധി കഴിയുന്ന ഡിജിറ്റൽ വി.സി സജി ഗോപിനാഥിനെ സാങ്കേതിക വാഴ്സിറ്റിയിലും, നേരത്തേ സുപ്രീംകോടതി സാങ്കേതിക വാഴ്സിറ്റിയിൽ നിന്ന് പുറത്താക്കിയ ഡോ.രാജശ്രീയെ ഡിജിറ്റലിലും വി.സിമാരാക്കാൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ പരിഗണിച്ചേക്കില്ല.
നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് വി.സി നിയമനത്തിന് അനുമതി നേടാനാണ് നീക്കം. സർക്കാരുമായി കൂടിയാലോചിച്ചായിരിക്കണം വി.സിയുടെ ചുമതല കൈമാറുന്നതെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഈ ഉത്തരവിൽ ഭേദഗതിക്കായി ഗവർണർ പ്രത്യേക ഹർജി ഫയൽ ചെയ്യും.
ആരോഗ്യ വാഴ്സിറ്റിയിൽ
സർക്കാരിന് പാളി
ചാൻസലർക്ക് സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിച്ച് വി.സിമാരെ പുനർനിയിമിക്കാമെന്നും സർക്കാരിന്റെ ഇടപെടൽ പാടില്ലെന്നുമാണ് കണ്ണൂർ വി.സിയായിരുന്ന ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിലുള്ളത്.
ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അംഗീകരിച്ച സുപ്രീംകോടതി, സർക്കാരിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ നിയമനം റദ്ദാക്കുകയായിരുന്നു.
ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർനിയമിക്കണമെന്ന് സർക്കാർ കത്ത് നൽകിയിരുന്നെങ്കിൽ, ഗവർണർക്ക് പുനർനിയമനം സാദ്ധ്യമാവുമായിരുന്നില്ല.
വൈസ് ചാൻസലർ നിയമനം പെരുമാറ്റച്ചട്ട ലംഘനം: മന്ത്രി രാജീവ്
തിരുവനന്തപുരം: ചാൻസലറെന്ന നിലയിൽ ആരോഗ്യസർവകലാശാലയിൽ നടത്തിയിട്ടുള്ള വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്കെതിരാണെന്ന് മന്ത്രി പി.രാജീവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമായ ഇത് ഗൗരവമായി കാണും. ജനങ്ങളാൽ തിരഞ്ഞടുക്കപ്പെട്ട സംവിധാനത്തെ പൂർണമായും അവഗണിച്ചുകൊണ്ട് ഏകാധിപത്യപരമായ പ്രവർത്തനം ഒരു ചാൻസലർക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.