തിരുവനന്തപുരം: ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവള ടെർമിനൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ അദാനി ഗ്രൂപ്പ്.ചാക്കയിലെ അന്താരാഷ്ട്ര ടെർമിനൽ നവീകരണത്തിന് മുന്നോടിയായാണിത്.ആഭ്യന്തര ടെർമിനൽ പൊളിക്കാൻ അദാനിഗ്രൂപ്പ് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.അതിനാൽ 5വർഷത്തെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് ടെർമിനൽ വിപുലീകരിക്കുന്നത്. 35വർഷത്തെ പഴക്കമുള്ള ടെർമിനലിന്റെ മുൻഭാഗം ആധുനിക രീതിയിലാക്കും. യാത്രക്കാർക്ക് ഇനി വാഹനമോടിച്ച് ടെർമിനലിന്റെ മുൻഭാഗത്തെത്താം. ടോയ്‌ലെറ്റുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും അന്താരാഷ്ട്ര നിലവാരത്തിലാക്കും. സെക്യൂരിറ്റി ഏരിയയുടെ വലിപ്പം കൂട്ടും.കൂടുതൽ സെക്യൂരിറ്റി പോയിന്റുകളും ചെക്ക് ഇൻ കൗണ്ടറുകളും വരും. ഇക്കൊല്ലം 12.9 ലക്ഷം ആഭ്യന്തര യാത്രക്കാരാണുണ്ടായിരുന്നത്. 8556 ആഭ്യന്തര സർവീസുകളുണ്ടായി.കൂടുതൽ സർവീസുകളും തുടങ്ങുന്നു.ഈ സാഹചര്യത്തിലാണ് ടെർമിനൽ വികസനം നടപ്പാക്കുന്നത്. അന്താരാഷ്ട്ര ടെർമിനലിൽ 1300 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് അദാനി നടപ്പാക്കുന്നത്.

പൂനെ, അഹമ്മദാബാദ്

സർവീസുകൾ വരുന്നു

ഐ.ടി മേഖലയിലുള്ളവരുടെ ദീർഘകാല ആവശ്യമായിരുന്ന പൂനെയിലേക്കുള്ള ഡയറക്ട് സർവീസ് പുനരാരംഭിക്കും. ഇൻഡിഗോയുടെ പ്രതിദിന സർവീസാണിത്. 2വർഷം മുൻപ് നിറുത്തിയതായിരുന്നു.

അഹമ്മദാബാദിലേക്ക് ആഴ്ചയിൽ നാലുദിവസമാണ് സർവീസ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കൂടുതൽ ഭക്തരെത്തുന്നത് ഗുജറാത്തിൽ നിന്നാണ്.

നേരത്തേ മുംബയ് വഴി അഹമ്മദാബാദിലേക്ക് സർവീസുണ്ടായിരുന്നു.ഇത് മാറ്റിയാണ് ശൈത്യകാല ഷെഡ്യൂളിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്.