തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ ഇടമുറിയാതെ പെയ്ത കനത്ത മഴയിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നദികൾ കരകവിഞ്ഞൊഴുകി. ഇന്നലെ പകൽ മുഴുവൻ നഗരപ്രദേശത്തും മലയോരത്തും മഴ കനത്തു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ,മിന്നൽപ്രളയം പോലുള്ളവ സംഭവിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അവിടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

ഇന്നലെ പുലർച്ചെ മുതൽ പെയ്ത മഴ രാത്രിവരെ നീണ്ടുനിന്നു.ചെറിയ കൈത്തോടുകൾ വരെ കരകവിഞ്ഞൊഴുകി. വിവിധ സ്ഥലങ്ങളിൽ മരം ഒടിഞ്ഞുവീണു. ചിലയിടങ്ങളിൽ ഗതാഗതതടസമുണ്ടായി. നെടുമങ്ങാട് താലൂക്കിൽ 6 വീടുകൾ ഭാഗികമായും കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നു.

ഇന്നലെ കൂടുതൽ മഴ പെയ്‌തത് മലയോരമേഖലയിലാണ്. തലസ്ഥാന നഗരിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി.റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗത തടസവുമുണ്ടായി. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദ്ദേശം നൽകി.ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിൽ പലതിലും മരംവീണ് ഗതാഗതതടസമുണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. കടൽക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ കടലോരമേഖല ഉൾപ്പെടെയുള്ള വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.


ഡാമുകളുടെ ഷട്ടർ തുറന്നു

നെയ്യാർ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. എല്ലാ ഡാമുകളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കരമനയാർ,വാമനപുരം,​കിള്ളിയാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക്
ജാഗ്രതാനിർദേശം

മഴ കനക്കുന്നതിനൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

കൃഷി നാശം

ശക്തമായ മഴയിൽ ജില്ലയിലെ പച്ചക്കറിക്കൃഷി അടക്കമുള്ളവയ്ക്ക് നാശനഷ്ടമുണ്ടായി. വാഴ,മരച്ചീനി,പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും നശിച്ചത്.ശക്തമായ കാറ്റിൽ നിരവധി റബർ മരങ്ങൾ ഒടിഞ്ഞുവീണു. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

ക്വാറിയിംഗ്, മൈനിംഗ് നിരോധിച്ചു

ജില്ലയിൽ ക്വാറി ഖനനം താൽക്കാലികമായി നിറുത്തിവയ്ക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകി

മലയോര ടൂറിസം മേഖലകൾ അടച്ചിടും

മലയോര ടൂറിസം മേഖലകൾ താൽക്കാലികമായി അടച്ചിടും. പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു .കടൽക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പെടെയുള്ള വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.