gh

തിരുവനന്തപുരം : കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെതിരെ ഉയർന്ന നൂറു കോടിയുടെ കോഴയാേരാപണം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില ചർച്ചയാക്കാൻ യു.ഡി.എഫ്. എൻ.സി.പി മന്ത്രിമാറ്റം സംബന്ധിച്ച് എൽ.ഡി.എഫിൽ നിലനിൽക്കുന്ന ഭിന്നത മുതലാക്കാനും ശ്രമിക്കും.ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും വിഷയത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്ന സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും മൗനമാണ് കോൺഗ്രസ് ആയുധമാക്കുന്നത്.

ബി.ജെ.പി ബന്ധമുള്ള അജിത് പവാർ പക്ഷത്തിന് വേണ്ടി എം.എൽ.എമാരെ കൂറു മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം മുഖ്യമന്ത്രിയറിഞ്ഞു കൊണ്ടാണോയെന്ന ചോദ്യവും യു.ഡി.എഫ് നേതാക്കൾ ഉയർത്തുന്നുണ്ട്. എൽ.ഡി.എഫിലെ മറ്റൊരു ഘടകകക്ഷിയായ ജെ.ഡി.എസിന്റെ ബി.ജെ.പി ബന്ധത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയും സി.പി.എം നേതാവുമായ പി.പി ദിവ്യയ്‌ക്കെതിരായ ആരോപണങ്ങൾ ഉപതിരഞ്ഞെടുപ്പിൽ മുന്നണിക്കാകെ പ്രതിരോധം തീർക്കുന്ന അവസരത്തിലാണ് മറ്റൊരു ആരോപണം കൂടി സർക്കാരിന് വിനയാകുന്നത്.