p

തിരുവനന്തപുരം: അച്ചടിച്ച ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് പകരം സംവിധാനം ഉടനെന്ന വകുപ്പു മന്ത്രിയുടെ വാക്ക് നടപ്പായില്ല.

കുടിശ്ശിക പത്തുകോടിയായതോടെ കരാർ കമ്പനി മാസങ്ങൾക്ക് മുമ്പ് അച്ചടി നിറുത്തി. അപേക്ഷകൾ കുന്നുകൂടി.​ പ്രതിഷേധം ശക്തമായി. തുടർന്ന് ആർ.സി ബുക്കും ലൈസൻസും മോട്ടോർ വാഹന വകുപ്പു തന്നെ പ്രിന്റ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ ഇതിന് പണം വേണ്ടേ. തുടർന്നാണ് അക്ഷയ സെന്റർ വഴി പ്രിന്റ് എടുക്കാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അതും ആരംഭിച്ചിട്ടില്ല.

ആകെ ആശ്വാസം,​ വാഹന പരിശോധന നടക്കുമ്പോൾ ലൈസൻസിന്റെയും ആർ.സിയുടെയും ‌ഡിജിറ്റൽ രൂപം കാണിച്ചാൽ മതിയെന്ന ഉത്തരവാണ്. പക്ഷേ ഇതിനൊരു കുരുക്കുണ്ട്. കേന്ദ്ര നിയമ പ്രകാരം ആർ.സി ബുക്ക്,​ ലൈസൻസ് എന്നിവയുടെ അച്ചടിച്ച രൂപത്തിനേ സാധുതയുള്ളൂ. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് നിലനിൽക്കില്ല. ഡിജിറ്റൽ രേഖയുണ്ടെന്നു കരുതി സംസ്ഥാന അതിർത്തി വിട്ടാൽ വാഹന പരിശോധനയിൽ പിടിവീഴും.

കൊടുക്കാനുണ്ട്

5 ലക്ഷം ആർ.സി

 അച്ചടിക്കൂലി 60 രൂപയാണെങ്കിലും 200 രൂപ വീതമാണ് കാർഡ് ഒന്നിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്

 അഞ്ചുലക്ഷത്തിലേറെ ആർ.സിയും, 1.40 ലക്ഷം ഡ്രൈവിംഗ് ലൈസൻസുമാണ് പ്രിന്റ് ചെയ്ത് നൽകാനുള്ളത്

 അച്ചടി കമ്പനിക്ക് കൊടുക്കാനുള്ള തുക ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കത്തയച്ചിട്ടും ധനവകുപ്പ് അനങ്ങിയിട്ടില്ല