തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തൽപണിക്കുള്ള സാധനങ്ങളിറക്കാൻ ചുമട്ടുതൊഴിലാളികൾ നോക്കുകൂലിയായി ചോദിച്ചത് 25,000 രൂപ. പരാതി ഉയർന്നതോടെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേമനിധിബോർഡ് ചെയർമാൻ തൊഴിലാളികളെ സസ്‌പെൻഡ്‌ചെയ്തു. അമിത കൂലി ചോദിച്ച സ്റ്റാച്യു മേഖലയിലെ പത്ത് ചുമുട്ടുതൊഴിലാളികളാണ് അമിതകൂലി ചോദിച്ചത്.
വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്‌റ്റേഡിയത്തിൽ സിനിമാ ഷൂട്ടിഗിനുള്ള സാധനങ്ങൾ എത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ അമിത കൂലി ചോദിച്ചത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സമഗ്രികൾ. പതിനായിരം രൂപവരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികൾ വഴങ്ങിയില്ല. സാധനങ്ങൾ ഇറക്കുന്നത് തടസപ്പെടുത്തുകയും ചെയ്തു.
ഇതോടെ കരാറുകാർ കന്റോൺമെന്റ് പൊലീസിലും മന്ത്രി വി.ശിവൻകുട്ടിയെയും പരാതി അറിയിച്ചു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളും പൊലീസും നടത്തിയ പരിശോധനയ്ക്ക് ശേഷം തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.