
വിതുര: വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം നിർമ്മിച്ച സ്നേഹാരാമം സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. സംസ്ഥാന എൻ.എസ്.എസിന്റെ ഫ്ലാഗ്ഷിപ്പ് പ്രോജക്ടായി കേരളത്തിലെ യൂണിവേഴ്സിറ്റികളും, ഡയറക്ടറേറ്റുകളും ഉൾപ്പെടെയുള്ള 25 എൻ.എസ്.എസ് സെല്ലുകൾ, കഴിഞ്ഞവർഷം സംസ്ഥാനത്തുടനീളം നിർമ്മിച്ച 5000ത്തോളം സ്നേഹാരാമങ്ങളിൽ മികച്ച യൂണിറ്റുകളിൽ ഒന്നായി വിതുര സ്കൂളിന്റെ സ്‌നേഹാരാമം തിരഞ്ഞെടുക്കുകയായിരുന്നു. വി.എച്ച്.എസ്.ഇ സെല്ലിൽ നിന്നും ആകെ മൂന്ന് യൂണിറ്റുകൾക്കാണ് അവാർഡ്.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം വൃത്തിഹീനമായി കിടന്ന ഇടം വൃത്തിയാക്കി പൂന്തോട്ടം ഒരുക്കുകയായിരുന്നു. സ്നേഹാരാമം നിർമ്മിക്കുന്നതിന് മുൻപ് ഇവിടെ തെരുവ് നായ്ക്കളുടയും ഇഴജന്തുക്കളുടേയും വിഹാരകേന്ദ്രമായിരുന്നു. സ്നേഹാരാമം നിർമ്മിച്ചശേഷം ഒരു തട്ടുകട സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വിശ്രമിക്കാനും അനവധി പേർ സ്നേഹാരാമത്തിൽ എത്തുന്നുണ്ട്. വിതുര ഹൈസ്കൂൾ പ്രിൻസിപ്പൽ മജ്ജുഷ.എ.ആർ, പ്രോഗ്രാം ഓഫീസർ അരുൺ.വി.പി എന്നിവരുടെ നേതൃത്വത്തിലാണ് വിതുര എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.