k

പട്ടികവർഗ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ അരപ്പട്ടിണിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന അമ്പൂരി കുട്ടമലയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ അരപ്പട്ടിണിയിലായിട്ട് മാസങ്ങൾ.രാവിലെയും ഉച്ചയ്ക്കും മാത്രമാണ് ഭക്ഷണമുള്ളത്.രാത്രി വെള്ളവും ബിസ്ക്കറ്റും കഴിച്ച് വിശപ്പകറ്റേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.

ഇതിനെതിരെ പലവട്ടം പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഒരുവർഷം ദൈർഘ്യമുള്ള കാർപ്പെന്ററി കോഴ്സിലും രണ്ടുവർഷം ദൈർഘ്യമുള്ള ഇലക്ട്രീഷ്യൻ കോഴ്സിലുമായി 18 വിദ്യാർത്ഥികളാണ് ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടിനകത്തെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗത്തിലെ കുട്ടികളാണ്. കുറച്ചു നാളത്തേക്ക് രണ്ടു നേരം മാത്രമേ ഭക്ഷണമുള്ളൂവെന്നും എത്രയുംവേഗം മൂന്നുനേരവും നൽകുമെന്നുമാണ് അഡ്മിഷനെടുത്ത സമയത്ത് അധികൃതർ അറിയിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.പലർക്കും സ്റ്റൈപ്പെൻഡും കിട്ടിത്തുടങ്ങിയിട്ടില്ല.

പുറത്തുപോയി ഭക്ഷണം കഴിക്കാൻ പലർക്കും വകയില്ല. വെള്ളം കുടിച്ച് വെളുക്കുന്നതുവരെ പുസ്തകം വായിച്ച് കിടക്കും. പിരിവിട്ട് അരിയും പലവ്യജ്ഞനങ്ങളും വാങ്ങിയാലും പാചകം ചെയ്യാനുള്ള സൗകര്യമില്ല. മഴ കാരണം പുറത്തുപോയി വിറകെടുക്കാനും പറ്റുന്നില്ലെന്ന് കുട്ടികൾ പറയുന്നു.

ഫണ്ട് കുറവ്

2002ലാണ് കുട്ടമലയിൽ സ്ഥാപനം ആരംഭിച്ചത്.അന്നത്തെ പിന്നാക്കവിഭാഗ ക്ഷേമമന്ത്രി ഡോ.എം.എ.കുട്ടപ്പൻ ആയിരുന്നു ഉദ്ഘാടനം.നിലവിൽ ഒരു വിദ്യാർത്ഥിയുടെ ഭക്ഷണച്ചെലവിനായി 3000 രൂപയാണ് ഒരുമാസം സർക്കാർ അനുവദിച്ചിട്ടുള്ളത്.പ്രതിദിനം 100 രൂപയുടെ ഭക്ഷണമേ ഈ ഫണ്ടിൽ നിന്ന് നൽകാനാവൂ. പാചകപ്പുരയില്ലാത്തതിനാൽ ഹോസ്റ്റലിന്റെ അടുത്തുള്ള ഹോട്ടലിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്നത്.30 രൂപയുള്ള പ്രഭാതഭക്ഷണം 25 രൂപയ്ക്ക് ഇവർക്ക് നൽകാറുണ്ട്.എന്നാൽ, പ്രതിമാസ ഫണ്ട് 3000 രൂപയിൽ നിന്ന് ഉയർത്തിയാൽ മാത്രമേ മൂന്നുനേരവും ഭക്ഷണം നൽകാൻ സാധിക്കൂവെന്നാണ് സ്ഥാപനത്തിന്റെ അധികൃതർ പറയുന്നത്.