
നെയ്യാറ്റിൻകര : ചെറുവാഹനങ്ങൾ കടന്നുപോകാനായി നെയ്യാറിന് കുറുകെ പാലക്കടവിൽ സ്ഥാപിച്ച ക്രോസ് വേയിലൂടെയുളള ലോറികളുടെ അമിത ഭാരം കയറ്റിയുളള അനിയന്ത്രിത ഓട്ടം കാരണം പാലം ഏത് നിമിഷവും തകരുന്ന നിലയിലാണ്. നാട്ടുകാരും കാൽനടയാത്രക്കാരും അപകട ഭീഷണിയിലാണ്. വലിയ പാറക്കല്ലുകൾ കയറ്റി ലോറികളുടെ യാത്ര കാരണം ക്രോസ് വേയുടെ തൂണിന്റെ കോൺക്രീറ്റുകളിളകി കമ്പികൾ പുറത്തേക്ക് കാണുന്ന സ്ഥിതിയായി. ഓരോ വാഹനം പോകുമ്പോഴും കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നു. അടിയന്തര നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ നാട്ടുകാരെ മുൻനിറുത്തി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ സാജൻ.എസ്.വി, സെക്രട്ടറി ശ്രീജിനു.എസ്.വി എന്നിവർ അറിയിച്ചു.
16 വർഷം, നടപടിയായില്ല
ക്രോസ്‌വേ ഏത് നിമിഷവും തകർന്ന് അപകടത്തിലേക്ക് പോകാറായപ്പോൾ 2006ൽ രാമേശ്വരം റസിഡന്റ്‌സ് അസോസിയേഷൻ, രാഷ്ട്രീയ സംഘടന എന്നിവയുടെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ലോകായുക്തയിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് 2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ലോകായുക്ത ഉത്തരവിട്ട് വിധി നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ക്രോസ്‌വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും തീരുമാനിച്ചു. എന്നാൽ നീണ്ട 16 വർഷങ്ങൾ പിന്നിട്ടിട്ടും ലോകായുക്ത വിധി നടപ്പിലാക്കാനോ, ഭാരം കയറ്റിയുളള വാഹന ഗതാഗതം നിരോധിക്കാനോ, ക്രോസ് ബാർ സ്ഥാപിക്കാനോ അധികൃതർ തയ്യാറായില്ല.
തകർച്ചയുടെ വക്കിൽ
പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. ക്രോസ്‌വേയോട് ചേർന്ന് അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിലേക്ക് പോകാൻ ആശ്രയിക്കുന്ന ഏക വഴിയാണിത്. ഭാരം കയറ്റിയുളള ലോറികളുടെ ഓട്ടം മൂലം പൈപ്പ് ലൈനുകൾ പൊട്ടി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നു. വാഹനങ്ങളുടെ മരണപ്പാച്ചിലിൽ വൈദ്യുതി പോസ്റ്റുകളിടിച്ച് തകർക്കുന്നതും അതുമൂലം വൈദ്യുതി തടസപ്പെടുന്നതും പതിവാണ്. ലോകായുക്ത ഉത്തരവ് നടപ്പാക്കാൻ രാമേശ്വരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥലം എം.എൽ.എ കെ.ആൻസലനും നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കും മറ്റ് അധികാരികൾക്കും നിരന്തരം പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
പ്രതികരണം- സ്ഥലം പരിശോധിച്ച ശേഷം ക്രോസ് ബാർ നിർമ്മിക്കാൻ നടപടി സ്വീകരിക്കും.
എസ്.ഷാജി
സ്ഥലം ഡിവൈ.എസ്.പി
ഫോട്ടോ:
പാലക്കടവ് പാലം വഴി കടന്നുപോകുന്ന ഭാരം കയറ്റിയ വാഹനം
പാലത്തിന്റെ തൂണുകൾ ദ്രവിച്ച നിലയിൽ